|

ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി.

ബാര്‍ കോഴ കേസില്‍ കെ.എം മാണിക്ക് അനുകൂലമായിട്ടായിരുന്നു വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ഈ റിപ്പോര്‍ട്ടാണ് കോടതി തള്ളിയിരിക്കുന്നത്.

തുടരന്വേഷണത്തിനുള്ള സാധ്യത തുറന്നുകൊണ്ടാണ് കോടതിയുടെ നടപടി. തുടരന്വേഷണത്തിന് അനുമതി വാങ്ങാന്‍ കേസ് ഡിസംബര്‍ 10 ലേക്ക് മാറ്റി.സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.

പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. 2014 ഡിസംബര്‍ പത്തിനാണ് മാണിയെ പ്രതിയാക്കി ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. യു.ഡി.എഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.


കണ്ണിറുക്കലുമായി വീണ്ടും രാഹുല്‍; ഇത്തവണ പാര്‍ട്ടി പ്രവര്‍ത്തകരുടെ സെല്‍ഫിക്ക് ; വീഡിയോ


മാണിയുടെ വസതിയില്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ശേഖരിച്ച പണവുമായി എത്തിയിരുന്നെന്നും എന്നാല്‍ പണം മാണിക്കു കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം, ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും പുനരന്വേഷണത്തിനു ഉത്തരവിടണമെന്നുമാണ് വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള ഹര്‍ജിക്കാരുടെ ആവശ്യം.

തുടരന്വേഷണത്തിനുത്തരവിട്ടാല്‍ അതിനു നിയമഭേദഗതി തടസമാകില്ലേയെന്ന കോടതിയുടെ ചോദ്യത്തിനു തടസമാകില്ലെന്നു വിജിലന്‍സ് നിയമോപദേശകന്‍ മറുപടി നല്‍കിയിരുന്നു.

അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ 17 (എ)യില്‍ അടുത്തകാലത്തു വന്ന ഭേദഗതി കൂടി കണക്കിലെടുക്കുമ്പോള്‍ ഇനി സര്‍ക്കാരാണ് വിഷയത്തില്‍ നിലപാടെടുക്കേണ്ടത്.