കൊച്ചി: വര്‍ക്കലയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ബി.എസ്.പി സ്ഥാനാര്‍ഥിയായ എസ്. പ്രഹ്ലാദന്‍ നല്‍കിയ ഹരജിയെതുടര്‍ന്നാണ് നടപടി. []
പ്രഹ്ലാദന്‍ നല്‍കിയ പത്രിക സ്റ്റാമ്പില്ലെന്ന കാരണത്താല്‍ വരണാധികാരി തള്ളിയിരുന്നു. എന്നാല്‍ ഒരു സ്റ്റാമ്പിന്റെ പേരില്‍ പത്രിക തള്ളിയത് ശരിയായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാനുള്ള അവസരം ഇതുമൂലം നഷ്ടപ്പെട്ടതായി വിലയിരുത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.
വര്‍ക്കല കഹാര്‍, വരണാധികാരി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
സി.പി.ഐ.എമ്മിലെ എ.എ റഹീമായിരുന്നു വര്‍ക്കല കഹാറിന്റെ മുഖ്യ എതിരാളി. സുപ്രീം കോടതിയിലും വിധി വര്‍ക്കല കഹാറിന് എതിരായാല്‍ കേരളം വീണ്ടും ഉപതിരഞ്ഞെടുപ്പിന് വേദിയാകും.
വര്‍ക്കല കഹാറിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സമയവും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വര്‍ക്കല കഹാര്‍ പ്രതികരിച്ചു. ജസ്റ്റീസ് സതീശ് ചന്ദ്രയാണ് കേസ് പരിഗണിച്ചത്. 10,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഹാര്‍ വിജയിച്ചിരുന്നത്.