മണിയുടെ പ്രസംഗം ജനാധിപത്യത്തിന്റെ മരണമണി: ഹൈക്കോടതി
Kerala
മണിയുടെ പ്രസംഗം ജനാധിപത്യത്തിന്റെ മരണമണി: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th June 2012, 11:05 am

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് സി.പി.ഐ.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി നടത്തിയ വിവാദ പ്രസംഗം ജനാധിപത്യത്തിന്റെ മരണമണിയാണെന്ന് ഹൈക്കോടതി.
വിവാദ പ്രസംഗത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. മണിയുടെ ഹരജി പരിഗണിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി ഹര്‍ജി തള്ളി.

ഇതോടൊപ്പം തന്നെ അഞ്ചേരി ബേബി, ബാലസുബ്രഹ്മണ്യം, മുള്ളഞ്ചിറ മത്തായി എന്നിവരെ കൊലപ്പെടുത്തിയ കേസുകള്‍ പുനരന്വേഷിക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള മണിയുടെ ഹരജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

വിവാദപ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ പോലീസിന് കേസെടുക്കാന്‍ അധികാരമുണ്ടെന്ന്‌
കാണിച്ചാണ് ഹൈക്കോടതി ഹരജികള്‍ തള്ളിയത്. മണിക്കെതിരായ കേസ് റദ്ദാക്കാന്‍ നിയമമില്ലെന്നും കേസില്‍ പോലീസിന്‌ തുടരന്വേഷണം നടത്താമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ നേതാവും നിയമത്തിന് അതീതനല്ല. നിയമത്തോടുള്ള വെല്ലുവിളിയാണ് മണിയുടെ പ്രസംഗം. പ്രതികളെ വകവരുത്തുമെന്ന മണിയുടെ പ്രസംഗം ജനാധിപത്യ ധ്വംസനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തൊടുപുഴയ്ക്ക് അടുത്ത് മണക്കാട്ട് കഴിഞ്ഞ മാസം 25ന് മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ മൂന്നു കേസുകളാണ് പോലീസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. വിവാദപ്രസംഗത്തില്‍ 13 പേരെ കൊലപ്പെടുത്തിയെന്നാണ് മണി പറഞ്ഞത്. ഇതില്‍ മൂന്നുപേരുടെ പേരുമാത്രമാണ് വെളിപ്പെടുത്തിയത്. ബാക്കിയുള്ള പത്ത് പേര്‍ കൊല്ലപ്പെട്ടോയെന്ന് അന്വേഷിക്കാന്‍ പോലീസിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ അലക്ഷ്യമായി താന്‍ നടത്തിയ പ്രസംഗത്തേക്കാള്‍ അലക്ഷ്യമായാണ് മണിയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രസംഗത്തിലുടനീളം “ഞാന്‍” എന്നല്ല മറിച്ച് “ഞങ്ങള്‍” എന്നാണ് മണി പറഞ്ഞതെന്നും അതിലൂടെ സി.പി.ഐ.എം എന്ന പാര്‍ട്ടിയെയാണ് മണി ഉദ്ദേശിച്ചതെന്നും അഭിഭാഷകന്‍ വാദിച്ചു.

ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് എറണാകുളം റേഞ്ച് ഐ.ജി കെ.പദ്മകുമാര്‍ അറിയിച്ചു. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം കൊച്ചിയില്‍ നടക്കും. അതേസമയം, ഹൈക്കോടതിയുടെ പരാമര്‍ശങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് എം.എം.മണി പഞ്ഞു.