കൊച്ചി: വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ സരിതാ എസ് നായര്‍ നല്‍കിയ രണ്ട് ഹരജികളും ഹൈക്കോടതി തള്ളി. സരിതയുടെ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്.
പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ഹരജിയാണ് നല്‍കേണ്ടിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ തെരഞ്ഞെടുപ്പ് ഹരജി ഫയല്‍ ചെയ്താല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് സരിത വാദിച്ചു.
രണ്ട് കേസില്‍ കോടതി ശിക്ഷ വിധിച്ചത് അയോഗ്യതയാണെന്ന് വിലയിരുത്തിയാണ് പത്രികകള്‍ തള്ളിയതെന്നും മേല്‍ക്കോടതികള്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതിനാല്‍ തനിക്ക് മത്സരിക്കാന്‍ അയോഗ്യതയില്ലെന്നും സരിത വാദിച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പ്രാഥമിക തടസവാദം സമര്‍പ്പിച്ചു. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സരിതാ നായര്‍ വ്യക്തമാക്കി.