രാഷ്ട്രപതി തിരഞ്ഞെടുപ്പ്: സാങ്മയുടെ ഹരജി സുപ്രീം കോടതി തള്ളി
India
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: സാങ്മയുടെ ഹരജി സുപ്രീം കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2012, 11:00 am

ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എ സാങ്മ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

രാഷ്ട്രപതിയായി പ്രണാബ് മുഖര്‍ജിയെ തെരഞ്ഞെടുത്തതിനെതിരെയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയായ സാങ്മ ഹരജി നല്‍കിയത്.[]

പ്രണബ് മുഖര്‍ജിക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയാണ് ഭരണഘടനാ ബഞ്ച് തള്ളിയത്.  ഹരജി നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ മൂന്നംഗങ്ങള്‍ ഹരജി തള്ളണമെന്ന നിലപാട് സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് അല്‍ത്താമസ് കബീര്‍, പി. സദാശിവം, എസ്.എസ് വിചാര്‍ എന്നിവരാണ് ഹര്‍ജിക്കെതിരായ നിലപാടെടുത്തത്.

അതേസമയം ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ് എന്നിവര്‍ ഹരജിയില്‍ വാദം കേള്‍ക്കണെന്ന നിലപാട് സ്വീകരിച്ചു.  അഞ്ചംഗ ഭരണഘടനാബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ അനുകൂലിച്ചതോടെ ഹര്‍ജി തള്ളുകയായിരുന്നു.

രാഷ്ട്രപതിയായി നാമനിര്‍ദേശം സമര്‍പ്പിച്ചപ്പോള്‍ വരുമാനം പറ്റുന്ന ഇരട്ടപ്പദവി പ്രണബ് വഹിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാങ്മ കോടതിയെ സമീപിച്ചത്.

ലോക്‌സഭാ കക്ഷി നേതാവെന്ന പദവിയും ഇന്ത്യന്‍ സ്റ്റാറ്റിറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ പദവിയുമായിരുന്നു പ്രണബ് വഹിച്ചിരുന്നത്.