| Friday, 21st December 2012, 12:08 pm

കെ.സുധാകരന്‍ എം.പിക്കെതിരായ വിജിലന്‍സ് കേസ് തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.സുധാകരന്‍ എം.പിക്കെതിരായ വിജിലന്‍സ് കേസ് തുടരന്വേഷിക്കണമെന്ന ഹരജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.[]

സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടുവെന്ന വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേസ്. അഴിമതിക്ക് കൂട്ടുനിന്നു, കുറ്റകൃത്യം അറിഞ്ഞിട്ടും വെളിപ്പെടുത്തിയില്ല തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സുധാകരനെതിരെ കേസെടുത്തത്.

കൊട്ടാരക്കരയില്‍ നടന്ന പ്രസംഗത്തിലായിരുന്നു സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇത് വിവാദമായതിനെ തുടര്‍ന്ന് വിജിലന്‍സ് കേസെടുത്തെങ്കിലും സി.ബി.ഐ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കേസ് എഴുതിത്തള്ളണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കേസ് എഴുതിതളളാനുളള നീക്കം അനുവദിക്കരുതെന്നും തുടരന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ.നെയ്യാറ്റിന്‍കര പി.നാഗരാജ് ഹരജി നല്‍കുകയായിരുന്നു. ഇതാണ് കോടതി തള്ളിയത്.

സുധാകരനെതിരായി കേസെടുക്കാന്‍ കൂടുതല്‍ തെളിവില്ലെന്ന് വിജിലന്‍സ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും കേസില്‍ തുടരന്വേഷണം നടത്തണമെന്നുമുള്ള ഹരജിയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

21 ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ അനുകൂല വിധിക്കായി സുപ്രീംകോടതി ജഡ്ജി 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് താന്‍ കണ്ടുവെന്നായിരുന്നു സുധാകരന്റെ പ്രസംഗം.

ദല്‍ഹി കേരള ഹൗസില്‍ വെച്ചായിരുന്നു താന്‍ ഇതിന് സാക്ഷ്യം വഹിച്ചതെന്നും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. ജയില്‍മോചിതനായ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം നല്‍കാന്‍ കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.

എന്നാല്‍ സംഭവം നടന്നത് ദല്‍ഹിയിലാണെന്നും സി.ബി.ഐ അന്വേഷണം നടക്കുന്നതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് നിയമസാധുതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് അനുമതി തേടിയത്.

We use cookies to give you the best possible experience. Learn more