| Friday, 10th January 2014, 11:20 am

പാമോലീന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശ്ശൂര്‍: ##പാമോലീന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്റെ ഹരജി കോടതി തള്ളി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഹരജി തള്ളിയത്. കേസ് പരിഗണിക്കുന്നത് ജനുവരി 22 ലേക്ക് മാറ്റി.

കേസ് പിന്‍വലിക്കാനുള്ള തീരുമാനം മന്ത്രിസഭയെടുക്കുകയും അത് കോടതിയെ അറിയിക്കുകയും  ചെയ്തിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയിരിക്കുന്നത്.

പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ കേസാണെന്നും മന്ത്രിസഭാ തീരുമാനം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിന് എതിരാണെന്നും ഹരജി ബോധിപ്പിച്ച അഡിഷണല്‍ ലീഗല്‍ അഡൈ്വസര്‍ക്ക് അതിന്റെ ചുമതലയില്ലെന്നും വേണ്ടത്ര ചിന്തയില്ലാതെയാണ് അദ്ദേഹം  ഹര്‍ജി സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എയും കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ജനുവരി 12 നകം തീര്‍പ്പുണ്ടാക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം.

നേരത്തേ കേസിലെ അഞ്ചാം പ്രതിയായ ജിജി തോംസണെ കേസില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.

പാമോലിന്‍ കേസില്‍ അഞ്ചാം പ്രതിയാണ് ജിജി തോംസണ്‍. ഗൂഡാലോചന, അഴിമതി എന്നീകുറ്റങ്ങളായിരുന്നു ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ നടക്കുമ്പോള്‍ സിവില്‍ സപ്ലൈസ് എംഡിയായിരുന്നു ജിജി തോംസണ്‍.

1991 ലെ യു.ഡി.എഫ് ഭരണകാലത്ത് പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേട് നടന്നിരുന്നു. 1993 ലെ സി.എ.ജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 15000 മെട്രിക് ടണ്‍ പാമോയില്‍ സിംഗപ്പൂരില്‍നിന്ന് ഇറക്കുമതി ചെയ്തതില്‍ ഖജനാവിന് 2.32 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.

പാമോയില്‍ കേസില്‍, അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ഒന്നാം പ്രതിയായ കേസില്‍ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്.

മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി സക്കറിയാ മാത്യു, ഗവ. സെക്രട്ടറിമാരായ പി.ജെ. തോമസ്, ജിജി തോംസണ്‍, പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്‍ ഡയറക്ടര്‍ വി. സദാശിവന്‍,അദ്ദേഹത്തിന്റെ മകനും ചെന്നൈ മാലാ ട്രേഡിങ് കോര്‍പറേഷന്‍ ഡയറക്ടറുമായ ശിവരാമകൃഷ്ണന്‍ എന്നിവരെയെല്ലാം പ്രതിചേര്‍ത്താണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് കോടതിയുടെ അനുമതി തേടാന്‍ 2005ലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതാണെങ്കിലും പിന്നീടു വന്ന വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അത് പിന്‍വലിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more