മൗനം പാലിക്കുകയെന്നത് മൗലികാവകാശം; ട്രെയ്ന്‍ വെടിവെപ്പ് കേസിലെ പ്രതിയുടെ ശാസ്ത്രീയ പരിശോധന തള്ളി കോടതി
മുംബൈ: ട്രെയ്‌നില്‍ നാല് പേരെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ മുന്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ചേതന്‍ സിങ് ചൗധരിയെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള അനുമതി നിഷേധിച്ച് മജിസ്‌ട്രേറ്റ് കോടതി. മൗനം പാലിക്കുകയെന്നത് പ്രതിയുടെ മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. കാര്യക്ഷമമായ അന്വേഷണത്തിന്റെ പേരില്‍ പ്രതിയെ ഇത്തരം പരിശോധനക്കായി നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
ചൗധരിയെ നാര്‍ക്കോ ടെസ്റ്റ്, ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് എന്നിവയ്ക്ക് വിധേയമാക്കാനായി ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് ബോറിവലി മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി തേടിയിരുന്നു. ഈ ഹരജി പരിഗണിക്കവെയായിരുന്നു കോടതി നിരീക്ഷണം.
ഗുരുതരമായ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെയുള്ളവ ആവശ്യമാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ ശാസ്ത്രീയ പരിശോധന മൗലികാവകാശ ലംഘനമാണെന്നും പ്രതിയുടെ സമ്മതമില്ലെങ്കില്‍ നടത്താനാകില്ലെന്നും അപേക്ഷയെ എതിര്‍ത്തുകൊണ്ട് ചൗധരിയുടെ അഭിഭാഷകരായ സുരേന്ദ്ര ലാന്‍ഡേജ്, അമിത് മിശ്ര, ജയ്വന്ത് പട്ടീല്‍ എന്നിവര്‍ വാദിച്ചു.
‘ബാഹ്യമായ സാഹചര്യങ്ങളില്‍ അതും പ്രതിയുടെ സമ്മതത്തോട് കൂടി മാത്രമേ
പരിശോധന നടത്താന്‍ സാധിക്കൂ. പരിശോധനക്കായി പ്രതിയെ നിര്‍ബന്ധിക്കാനാകില്ല. പരിശോധന നേരിടാന്‍ പ്രതി തയ്യാറല്ലാത്തതിനാല്‍, മൗലികാവകാശം സംരക്ഷിക്കുന്നതിനായി ഹരജി തള്ളുന്നു,’ കോടതി ഉത്തരവില്‍ പറയുന്നു. ക്രൂര കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
‘മൗനം പാലിക്കുക എന്നത് പ്രതിയുടെ മൗലികാവകാശമാണ്. കാര്യക്ഷമമായ അന്വേഷണത്തിന്റെ പേരില്‍ പരിശോധനക്ക് അനുമതി നല്‍കാനാകില്ല,’ കോടതി വ്യക്തമാക്കി.
ജൂലൈ 31ന് പുലര്‍ച്ചെ പാല്‍ഗഢ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ജയ്പൂര്‍-മുംബൈ ട്രെയ്‌നിലാണ് വെടിവെപ്പ് നടന്നത്. പ്രതിയായ ചേതന്‍ സിങ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ടീക്കാറാം മീണയെയും യാത്രക്കാരായ മൂന്ന് പേരെയുമാണ് വെടിവെച്ചത്. പേര് ചോദിച്ചതിന് ശേഷം ഇയാള്‍ മുസ്‌ലിങ്ങളെ വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ യോഗിക്കും മോദിക്കും വോട്ട് ചെയ്യണമെന്ന് ഇയാള്‍ പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. നിലവില്‍ ചൗധരിയിപ്പോള്‍ താനെ ജില്ലയിലെ ജയിലിലാണ്.
Content Highlights: Court refuses to allow naco tests of the accused in Jaipur-Mumbai Express train shooting