| Tuesday, 24th July 2018, 11:40 am

ഉദയകുമാര്‍ ഉരുട്ടിക്കൊല; പ്രതി ചേര്‍ക്കപ്പെട്ട അഞ്ച് പൊലീസുകാര്‍ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ച് പൊലീസുകാര്‍ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി.

പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മുന്‍ എസ്.പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡി.വൈ.എസ്.പി: ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനും വ്യാജ രേഖകള്‍ നിര്‍മിച്ചതിനും കേസെടുത്തു.

കേസിലെ നാലാം പ്രതി സോമന്‍ വിചാരണ വേളയില്‍ മരിച്ചിരുന്നു.

സംഭവം നടന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉദയകുമാര്‍ കേസില്‍ വിധി വരുന്നത്. നേരത്തേ ഉദയകുമാറിന്റെ അമ്മയായ പ്രഭാവതി അമ്മ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.


ALSO READ: ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ കുറ്റപത്രം തയ്യാറായി; ആദ്യ മൂന്ന് പ്രതികളും ടൈഗര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍


കൃത്യം ഒരു വര്‍ഷം നീണ്ട   വിചാരണയ്ക്ക് ശേഷമാണ് ഉദയകുമാര്‍ കേസില്‍ കോടതി വിധി പ്രസ്താവിച്ചത്.

2005 സെപ്റ്റംബര്‍ 27നാണു മോഷണകുറ്റം ആരോപിച്ച് ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് വിധേയനായി.

ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ വെച്ച് മരിച്ചു. കേസ് ഇല്ലാതാക്കാന്‍ പൊലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സി.ബി.ഐ അന്വേഷണത്തില്‍ പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്തു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more