ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും 25000 പിഴയും: ഒടുവില്‍ കോടതിയില്‍ മാപ്പു പറഞ്ഞ് ശോഭ
Sabarimala
ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും 25000 പിഴയും: ഒടുവില്‍ കോടതിയില്‍ മാപ്പു പറഞ്ഞ് ശോഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 12:59 pm

കൊച്ചി: ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് കോടതി വിമര്‍ശന മുന്നയിച്ചത്.

വിലകുറഞ്ഞ വിമര്‍ശനത്തിനായി ഹൈക്കോടതി ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനാ ബെഞ്ച് ശോഭാ സുരേന്ദ്രന് മുന്നറിയിപ്പു നല്‍കി. വികൃതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മാപ്പു പറഞ്ഞു.

കേരളത്തില്‍ പൊലീസ് അതിക്രമം വര്‍ധിച്ചിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീംകോടതി വിധിക്കനുസരിച്ച നടപടികളുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. പ്രതികളെ കോടതി കുറ്റമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീം കോടതി വിധി പാലിക്കാത്ത സര്‍ക്കാര്‍ നിരപരാധികളെ പിടികൂടാന്‍ ഉദ്യോഗസ്ഥരെ അഴിച്ചുവിട്ടിരിക്കുകയാണെന്നും ഹരജിയില്‍ ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ശബരിമലയില്‍ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും വരെ പൊലീസ് അപമാനിച്ചതായി ഹരജിയില്‍ ആരോപിച്ചിരുന്നു. പ്രതികളെ കുറ്റമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണെമന്ന് കിഷന്‍ഭായി കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. കേരളത്തില്‍ ഇത് നടപ്പാക്കിയിട്ടില്ല.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചെന്നും ശോഭ ഹരജിയില്‍ ആരോപിച്ചിരുന്നു.