ഷുക്കൂറിന്റേത് താലിബാന്‍ മോഡല്‍ കൊലപാതകമെന്ന് പ്രോസിക്യൂഷന്‍
Kerala
ഷുക്കൂറിന്റേത് താലിബാന്‍ മോഡല്‍ കൊലപാതകമെന്ന് പ്രോസിക്യൂഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th August 2012, 3:45 pm

കൊച്ചി: ക്രൂരവും പൈശാചികവുമായാണ് ഷുക്കൂറിനെ വധിച്ചതെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.കെ ശ്രീധരന്‍. താലിബാന്‍ മോഡലെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവെയാണ് ശ്രീധരന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. []

ജയരാജന്‍ വിചാരിച്ചാല്‍ ഷുക്കൂര്‍ വധം തടയാമായിരുന്നു. ഷുക്കൂറിനെ വധിക്കാനായി  തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നടന്ന ഗൂഢാലോചനയ്ക്ക് ജയരാജന്‍ സാക്ഷിയായിരുന്നു. എന്നാല്‍ അത് തടയാന്‍ അദ്ദേഹം ശ്രമിച്ചില്ല. അതിനാല്‍ ഇത് ക്രിമിനല്‍കുറ്റമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

ഷുക്കൂര്‍ വധക്കേസില്‍ ജയരാജന്‍ അറസ്റ്റിലായതിനുശേഷം കണ്ണൂരില്‍ രാഷ്ട്രീയ കലാപമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് 712 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2 കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്. 33 പോലീസുകാര്‍ ക്രൂരമായി അക്രമിക്കപ്പെട്ടു. മുന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തപ്പോഴാണ് ഇത്രയും വലിയ പ്രശ്‌നങ്ങളുണ്ടായതെന്നും പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

അതിനിടെ, വൈദ്യപരിശോധനയ്ക്കായി സ്വന്തം വാഹനത്തില്‍ ജയരാജന്‍ മെഡിക്കല്‍ കോളേജിലേക്ക് പോയ കാര്യവും പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പോലീസ് വാഹനത്തില്‍ നിന്നും ജയരാജന്‍ ഇറങ്ങിപ്പോവുകയായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

ജയരാജന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാന്‍  സാധ്യതയുണ്ട്. കേസന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഈ ഘട്ടത്തില്‍ അദ്ദേഹത്തിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

അതേസമയം 118ാം വകുപ്പ് പ്രകാരം ജയരാജനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. എം.കെ ദാമോദരന്‍ കോടതിയെ അറിയിച്ചു. 118 വകുപ്പ് പ്രകാരം കേസെടുക്കുന്നതിന് നിയമപോരായ്മകളുണ്ട്. പോലീസ് കെട്ടിച്ചമച്ച കേസാണിത്. സമാനമായ കേസുകളിലെ സുപ്രീംകോടതി വിധിയുള്‍പ്പെടെയുള്ള കാര്യങ്ങളും അദ്ദേഹം ഹാജരാക്കി.

ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷം കേസ് വിധി പറയുന്നതിനായി മാറ്റി. ഇതിനൊപ്പം ടി.വി രാജേഷ് എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. ഇതും വിധി പറയുന്നതിനായി മാറ്റി.

കേസില്‍ അറസ്റ്റിലായ ജയരാജന്റെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

ജയരാജന്‍ അറസ്റ്റിലായതോടെയാണ് ടി.വി. രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. കേസില്‍ ജയരാജന്‍ 38ാം പ്രതിയും രാജേഷ് 39ാം പ്രതിയുമാണ്.

ആറാം പ്രതി പുറത്ത്, 38ാം പ്രതി അറസ്റ്റില്‍: പി.കെ ബഷീറിനും പി. ജയരാജനും ഇരട്ടനീതി