| Tuesday, 19th June 2012, 1:11 pm

ഐസ്‌ക്രീം കേസ്: വി.എസ് നേരിട്ട് ഹാജരാകണമെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വി.എസ് നേരിട്ട് ഹാജരായി പരാതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വി.എസ്, അഭിഭാഷകന്‍ പി.രാജീവ് മുഖേന നല്‍കിയ ഹരജി കോടതി തള്ളി.

അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് വി.എസ് കോടതിയെ സമീപിച്ചത്. കോഴിക്കോട് ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ് വി.എസ് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ചത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ഹരജി നല്‍കിയതെന്നും കോടതി ചോദിച്ചു.

അന്വേഷണ സംഘം സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടില്ല. റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരല്ല കോടതിയാണെന്നും മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചതെന്നായിരുന്നു അഭിഭാഷകന്റെ വിശദീകരണം.

പരാതിക്കാരന് ഹാജരാകാന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്ന വി.എസിന്റെ അഭിഭാഷകന്റെ അഭ്യര്‍ത്ഥ മാനിച്ച് അടുത്ത മാസം ആറിന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘാംഗം ഡി.വൈ.എസ്.പി ജയ്‌സണ്‍ കെ. എബ്രഹാം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുദ്രവെച്ച റിപ്പോര്‍ട്ട് പ്രത്യേക കവറിങ് ലെറ്റര്‍ സഹിതമാണ് നല്‍കിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

2011 ജനുവരി 28ന് കെ.എ. റഊഫ് കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് ടൗണ്‍ പൊലീസ്  കേസ് രജിസ്റ്റര്‍ ചെയ്തത്. ഐസ്‌ക്രീം കേസില്‍നിന്ന് രക്ഷപ്പെടാനായി കുഞ്ഞാലിക്കുട്ടി തന്റെ സഹായത്തോടെ സാക്ഷികളടക്കമുള്ളവരെ പല രീതിയില്‍ സ്വാധീനിച്ചുവെന്നായിരുന്നു റഊഫിന്റെ വെളിപ്പെടുത്തല്‍.

We use cookies to give you the best possible experience. Learn more