Kerala
ജഡ്ജിയ്‌ക്കെതിരായ സുധാകരന്റെ വെളിപ്പെടുത്തല്‍: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jul 04, 11:31 am
Wednesday, 4th July 2012, 5:01 pm

തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടു എന്ന കെ.സുധാകരന്റെ വെളിപ്പെടുത്തലില്‍  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്. തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം മ്യൂസിയം പോലീസിന് കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം.

സുധാകരനെ അറസ്റ്റ് ചെയ്ത് നാര്‍കോ അനാലിസിസിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട്  നെയ്യാറ്റിന്‍കര  സ്വദേശി പി.നാഗരാജ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 21 ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയെ അട്ടിമറിക്കാന്‍ സുപ്രീംകോടതിയിലെ ഒരു ജഡ്ജി ബാര്‍ ഉടമകളില്‍ നിന്നും 21 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന് താന്‍ സാക്ഷിയാണെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. ഇയാള്‍ പിന്നീട് പ്രത്യേകദൂതനെ അയച്ച് വീണ്ടുമൊരു 15ലക്ഷം കൂടി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.  ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.