| Saturday, 17th March 2012, 7:31 am

സൂസന്‍ നഥാനെ നാടുകടത്തണം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ കഴിയുന്ന ഇസ്രായേലി എഴുത്തുകാരി സൂസന്‍ നഥാനെ എത്രയും വേഗം നാടുകടത്തണമെന്ന് ഹൈക്കോടതി. സൂസനെ നാടുകടത്തണമെന്ന കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ് ശരിവെച്ചുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.  സൂസനെതിരെ സ്‌പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് ബ്യൂറോയും നല്‍കിയ റിപ്പോര്‍ട്ടുകള്‍ അവിശ്വസിക്കാന്‍ കാരണമില്ലെന്നും നാടുകടത്തല്‍ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വിലയിരുത്തി.

ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി. ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. കോഴിക്കോട്ടാണ് സൂസന്‍ താമസിക്കുന്നത്. ടൂറിസ്റ്റ് വിസയില്‍ 2009 ഒക്ടോബറില്‍ കോഴിക്കോട്ടെത്തിയ ഇവരുടെ വിസ കാലാവധി 2010 ഏപ്രിലില്‍ അവസാനിച്ചെങ്കിലും മെയ് 17 വരെ തങ്ങി. നാടുവിടാന്‍ ഫോറിന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ നോട്ടീസ് നല്‍കിയതിനാല്‍ എക്‌സ് വിസ സംഘടിപ്പച്ച് ഇവര്‍ തിരിച്ചെത്തി. ഇതിനിടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 2010 സെപ്റ്റംബര്‍ 16 മുതല്‍ 2011 ഫെബ്രുവരി 21വരെയാണ് എക്‌സ് വിസയുടെ കാലാവധി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പാലിയേറ്റീവ് മെഡിസിനില്‍ സേവനത്തിനെന്നു പറഞ്ഞാണു വന്നതെങ്കിലും അവിടെ ചേര്‍ന്നില്ല. ഇതു വീസ ചട്ടലംഘനമാണ്.

ഇവര്‍ക്ക് തീവ്രവാദ വിഭാഗങ്ങളുമായി ബന്ധമുണ്ടെന്നും ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശങ്ങളുള്ള തന്റെ പുസ്തകം മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇസ്രയേലിനെതിരെയുള്ള വിമര്‍ശനം ഉള്‍പ്പെട്ട “ദി അദര്‍ സൈഡ് ഓഫ് ഇസ്രയേല്‍ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ “ഇസ്രയേല്‍- ആത്മവഞ്ചനയുടെ പുരാവൃത്തം തയാറാക്കാനാണ് ഇന്ത്യയില്‍ തുടരുന്നതെന്നു സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കി.   2011 ജനുവരി എട്ടിലെ നാടുകടത്തല്‍ ഉത്തരവിന്റെ അടിസ്ഥാനം ഇതാണ്. പുസ്തകമിറക്കിയ “അദര്‍ ബുക്‌സില്‍ കൈവെട്ടു കേസന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് നടന്നിരുന്നു. ഈ സ്റ്റാളിനു സിമി, എന്‍.ഡി.എഫ് സഹായം കിട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ചില മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനമെഴുതി. തീവ്രവാദ ബന്ധമുള്ളവരുടെ സംരക്ഷണയില്‍ കഴിഞ്ഞു. ഇത്തരക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.

നടക്കാവ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ വ്യാജ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് ഒടുവില്‍ ഹര്‍ജിക്കാരി ആവശ്യപ്പെട്ടിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് അതിന്റെ പേരില്‍ ആനുകൂല്യം അവകാശപ്പെടാനാവില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.  ഇനിയും തുടരാന്‍ അനുവദിച്ചാല്‍ ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടിയ കുറ്റങ്ങള്‍ക്ക് ബോണസ് നല്‍കുന്ന തീരുമാനമാകുമെന്ന് കോടതി നിരീക്ഷിച്ചു. മൗലികാവകാശത്തിന്റെ ലംഘനം ഹരജിക്കാരിയുടെ കാര്യത്തില്‍ കോടതി വ്യക്തമാക്കി.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more