[] മുംബൈ: ബലാല്‍സംഗ കേസുകളിലെ രഹസ്യ വിചാരണയില്‍ കൂടുതല്‍ അഭിഭാഷകര്‍ വേണ്ടെന്ന് മുംബൈ ഹൈകോടതി. കേസ് വാദിക്കുന്ന അഭിഭാഷകരെ സഹായിക്കാന്‍ ഒന്നില്‍ കൂടുതല്‍ ജൂനിയര്‍ അഭിഭാഷകര്‍ വേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കീഴ്‌കോടതി കണ്ടെത്തിയ ഡോ. സുയോഗ് കേസ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 12ലധികം അഭിഭാഷകരാണ് ഇയാള്‍ക്കു വേണ്ടി കേസ് വാദിക്കാനെത്തിയത്.
രഹസ്യ വിചാരണയില്‍ ഇത്രയും ആളുകള്‍ പങ്കെടുക്കുന്നതിനെ കേസിലെ വാദിയായ സ്ത്രീ കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. രഹസ്യസ്വഭാവമുള്ള കോടതി വിചാരണയില്‍ ഇത്രയും പേര്‍ പ്രതി ഭാഗത്തു നിന്നു സന്നിഹിതരായാല്‍ പിന്നെ എന്താണ് രഹസ്യ വിചാരണയുടെ പ്രസക്തിയെന്നും ഇവര്‍ കോടതിയോട് ചോദിച്ചു.
രഹസ്യ വിചാരണയില്‍ ഇത്രയും പേര്‍ പങ്കെടുക്കുന്നത് അപഹാസ്യമാണെന്നും അധാര്‍മികമാണെന്നും അതിനാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും സ്ത്രീ കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല പ്രതിഭാഗം ഇത്രയും അഭിഭാഷകരെ കോടതിയില്‍ കൊണ്ടുവന്നിരിക്കുന്നത് തന്നെ അപമാനിക്കുവാനും സമ്മര്‍ദത്തിലാക്കുവാനുമാണെന്നും ഇവര്‍ കോടതിയോട് പറഞ്ഞു.
ഇവരുടെ വാദം കേട്ട കോടതി പ്രതിഭാഗത്തിന് വേണ്ടി വാദിക്കാന്‍ ഒരു അഭിഭാഷകനും അയാളെ സഹായിക്കാന്‍ മറ്റൊരു അഭിഭാഷകനും മാത്രം കോടതിയില്‍ നിന്നാല്‍ മതിയെന്ന് വ്യക്തമാക്കി.
തുടര്‍ന്ന് കോടതി രഹസ്യ വിചാരണയുടെ അടിസ്ഥാന തത്വങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. കീഴ്‌ക്കോടതി വിധിക്കെതിരെയുള്ള അപ്പീല്‍ നിരസിച്ച കോടതി സ്ത്രീക്ക് 3000 രൂപ കോടതി ചിലവുകളിലേക്ക് നല്‍കാനും ഉത്തരവിട്ടു. ജസ്റ്റിസ് എ.ഐ.എസ് ശീമയാണ് ഉത്തരവ് പുറത്തിറക്കിയത്.