കണ്ണൂര്‍: പാലത്തായി കേസില്‍ തുടരന്വേഷണം നടത്താന്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഭാഗികമാണെന്ന് കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും കോടതിനിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്നും മാറ്റമെന്നാവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്.
ഇതിന് പിന്നാലെ ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമലയില്‍ നിന്നും മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ട് ഇമെയില്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്കാണ് കൂട്ടമായി ഈ ആവശ്യവുമായി നിവേദനം എത്തുന്നത്.
കോടതിയുടെ പരിഗണനയിലുള്ള പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ വ്യക്തമായി ഐഡന്റിറ്റി പോലും മനസ്സിലാകാത്ത ഒരാളുമായി ഫോണിലൂടെ കൈമാറിയതും ഫോണ്‍ സംഭാഷണത്തില്‍ ഇരയെയും സാക്ഷികളെയും തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ കൈമാറിയതെന്ന് പരാതിയില്‍ പറയുന്നു.
പാലത്തായി കേസില്‍ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതിനെതുടര്‍ന്ന് സംസ്ഥാന വ്യാപകമായി നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇയാള്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായപ്പോഴാണ് ഭാഗിക കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്.
പോക്‌സോ വകുപ്പുകള്‍ നിലവില്‍ ചുമത്തിയിരുന്നില്ല. ഇത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് മുമ്പ് ജൂലൈ എട്ടിന് ഇയാളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളിയിരുന്നു.
കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പത്മരാജന്റെ ജാമ്യഹരജി തളളിയത്. പ്രതിയായ കുനിയില്‍ പത്മരാജന്‍ നിലവില്‍ തലശേരി സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഐ.ജി ശ്രീജിത്ത് ത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക