മഞ്ചേശ്വരം കോഴക്കേസില്‍ സുരേന്ദ്രന് തിരിച്ചടി; നേരിട്ട് ഹാജരായേ പറ്റൂവെന്ന് കോടതി
കോഴിക്കോട്:: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് ഹാജരാകാന്‍ കോടതി നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട വിടുതല്‍ ഹരജിയില്‍ കാസര്‍കോഡ് സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്.
സുരേന്ദ്രന്‍ അടക്കമുള്ള ഏഴ് പ്രതികള്‍ ഒക്ടോബര്‍ 25ന് നേരിട്ട് ഹാജരാകണമെന്നാണ്
കോടതി പറയുന്നത്.
സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെട്ടിച്ചമച്ച കേസാണെന്ന് വാദിച്ച് സുരേന്ദ്രന്‍ വിടുതല്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഇതിലാണിപ്പോള്‍ കോടതിയുടെ ഇടപെടലുണ്ടാകുന്നത്.
കോടതിയില്‍ ഹാജരായ ശേഷം ജാമ്യമെടുത്ത് പ്രതികള്‍ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് കോടതി പറഞ്ഞു. എന്നാല്‍, കേസില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതികളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം കോഴ നല്‍കിയെന്നാണ് സുരേന്ദ്രനെതിരായ കേസ്.
2023 ജനുവരി 10നാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍.
Content Highlight: Court orders BJP state president K. Surendran to appear