മുംബൈ: ഡി.എന്‍.എ പരിശോധനയ്ക്ക് നാളെ തന്നെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബിനോയ് കോടിയേരിയോട് മുംബൈ ഹൈക്കോടതി കോടതി. ഡി.എന്‍.എ പരിശോധനയുടെ ഫലം കോടതിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
കേസില്‍ ഓഷിവാര പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് കോടതിയെ സമീപിച്ചത്. ഡി.എന്‍.എ പരിശോധനയ്ക്കായി നാളെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബിനോയ് കോടിയേരിക്ക് നോട്ടീസ് നല്‍കിയതായി പൊലീസ് കോടതിയെ അറിയിച്ചു. അപ്പോഴാണ് കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചവേളയില്‍ പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് ബിനോയ് കോടിയേരിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ നാലാഴ്ച ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായെങ്കിലും ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ നല്‍കിയിരുന്നില്ല. ആരോഗ്യകാരണങ്ങള്‍ മൂലം രക്തസാമ്പിളുകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ബിനോയ് ആദ്യം അറിയിച്ചത്.
പിന്നീട് ഹരജി കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ അതിര്‍ തീര്‍പ്പാകുംവരെ രക്തസാമ്പിളുകള്‍ നല്‍കാനാവില്ലെന്ന് ബിനോയ് കോടിയേരി അറിയിക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത് നാളെ തന്നെ ഡി.എന്‍.എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി രക്തസാമ്പിളുകള്‍ നല്‍കണമെന്നാണ്.