തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജൂലൈ പത്തിന് നേരില്‍ ഹാജരാകണമെന്ന് പ്രത്യേക സി.ബി.ഐ കോടതി ഉത്തരവ്. നേരില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്ന പിണറായി വിജയന്റെ അഭിഭാഷകന്റെ അപേക്ഷ കോടതി നിരസിച്ചു. പിണറായി നേരിട്ട് കോടതിയില്‍ ഹാജരാകാതിരിക്കുന്നതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. ഉത്തരവ് അനുസരിക്കാത്തത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ രണ്ടു തവണയും കേസ് പരിഗണിച്ചപ്പോള്‍ പിണറായി കോടതിയില്‍ ഹാജരായിരുന്നില്ല.
2009ല്‍ നടപടികള്‍ ആരംഭിച്ചതാണെങ്കിലും പ്രതിയായ കമ്പനിക്കും കമ്പനി പ്രതിനിധിക്കും സമന്‍സ് നല്‍കാന്‍ സി.ബി.ഐക്ക് കഴിയാത്തതിനാല്‍ നടപടികള്‍ അനന്തമായി നീളുകയാണെന്നും ഇത് ഒഴിവാക്കാന്‍ ഹാജരായ പ്രതികളെ മാത്രമായി വിചാരണ ആരംഭിക്കണമെന്നും പിണറായിറ്റുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് സ്വീകരിച്ച കോടതി സി.ബി.ഐയോട് കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കേസില്‍ ജി കാര്‍ത്തികേയന് പങ്കില്ലെന്നും പിണറായി വിജയന്‍ വ്യക്തിഗത നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും വ്യക്തമാക്കുന്ന തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് െ്രെകം എഡിറ്റര്‍ നന്ദകുമാറും നെയ്യാറ്റിന്‍കര നാഗരാജും സ്വകാര്യ അന്യായങ്ങള്‍ സമര്‍പ്പിച്ചു.
പിണറായിക്ക് പുറമെ കെ.എസ്.ഇ.ബി. മുന്‍ ചെയര്‍മാന്മാരായിരുന്ന ആര്‍. ശിവദാസ്, പി.എ. സിദ്ധാര്‍ത്ഥ മേനോന്‍ എന്നിവര്‍ക്കും മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി മോഹനചന്ദ്രന്‍, കെ.എസ്.ഇ.ബി. മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ക്കും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജഡ്ജി ടി.എസ്.പി. മൂസത് സമന്‍സ് ഉത്തരവിട്ടിരുന്നു. 2011 ഡിസംബര്‍ 19ന് കേസ് പരിഗണിച്ചപ്പോഴാണ് പ്രതികള്‍ ഹാജരാകാന്‍ കോടതി സമന്‍സ് ഉത്തരവിട്ടത്.
കേസിലെ പ്രതികളായ എസ്.എന്‍.സി. ലാവലിന്‍ കമ്പനിക്കും കമ്പനി പ്രതിനിധി ക്ലൗസ് ട്രെന്‍ഡിലിനും ഇതുവരെ സമന്‍സ് നടപ്പാകാന്‍ സി.ബി.ഐ. സംഘത്തിന് കഴിഞ്ഞിട്ടില്ല.