| Friday, 24th May 2024, 9:20 am

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍സ് കമ്പനിക്കെതിരായി എറണാകുളത്തും പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വായിക്കാൻ കഴിയാത്ത ലേബലുമായി ബേബി ഷാംപൂ വിപണിയിൽ ഇറക്കിയതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺസ് കമ്പനി ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

വായിക്കാൻ പറ്റാത്ത ലേബലോടെ പുറത്തിറങ്ങിയ ബേബി ഷാംപൂ 2011 ലെ ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചതിനാൽ ഉപഭോക്താവിന് 60,000രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധിച്ചത്.

ഇതിൽ 25,000 രൂപ ലീഗൽ എയ്ഡ് ഫണ്ടിലേക്കാണ് അടക്കേണ്ടത്. തെറ്റായ റിപ്പോർട്ട് നൽകിയ ലീഗൽ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 15 ദിവസത്തിൽ കുറയാതെ നിയമ പരിശീലനം നൽകണമെന്നും കോടതി ഉത്തരവിട്ടു.

ഇടപ്പള്ളി സ്വദേശി വേണുഗോപാല പിള്ള നൽകിയ പരാതിയിന്മേലാണ് കോടതി ശിക്ഷ വിധിച്ചത്. വിപണിയിലിറക്കിയ ഉത്പന്നത്തിൽ നിർമാണത്തിനുപയോഗിച്ച പദാർത്ഥങ്ങളുടെ പേരോ അതിന്റെ ഉപയോഗങ്ങളോ രേഖപ്പെടുത്തിയിരിക്കുന്നത് 2011 ലെ ലീഗൽ മെട്രോളജി ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്നും വിവരങ്ങൾ വായിക്കാൻ ഭൂതക്കണ്ണാടിയുടെ ആവശ്യം വേണ്ടി വരുമെന്നും പരാതിയിൽ പറയുന്നു.

ഇത് സംബന്ധിച്ച് പരാതിക്കാരൻ ലീഗൽ മെട്രോളജി വിഭാഗത്തിനടക്കം പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ലേബലിലെ അക്ഷരങ്ങൾക്ക് നിയമാനുസൃതമായ വലിപ്പമുണ്ടെന്ന അവകാശവാദവുമായി ജോൺസൺ ആൻഡ് ജോൺസൺ ബേബി കമ്പനി രംഗത്തെത്തി.

തുടർന്ന് കോടതി നിയമിച്ച ലീഗൽ മെട്രോളജി വിഭാഗത്തിലെ ഉദ്യോഗസ്ഥർ കമ്പനിക്കനുകൂലമായി രണ്ട് തവണ രേഖാമൂലം സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് നൽകുകയും ചെയ്തു.

എന്നാൽ കോടതി പരാതിക്കാരന്റെ ആവശ്യപ്രകാരം വീണ്ടും പരിശോധനക്കായി വിദഗ്ദ്ധരെ നിയമിക്കുകയായിരുന്നു. തുടർന്നുള്ള റിപ്പോർട്ടിൽ ഉത്പന്നത്തിന്റെ ലേബലിൽ നൽകിയ വിവരങ്ങൾ വായിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. അതോടെ ലീഗൽ മെട്രോളജിയിലെ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് തെറ്റായിരുന്നെന്ന് തെളിഞ്ഞു.

പരാതി നൽകാനുള്ള വിലാസം , ടെലിഫോൺ നമ്പർ, ഇ മെയിൽ ഐ.ഡി എന്നിവ ഉൾപ്പെടുന്ന കൺസ്യൂമർ കെയർ വിവരങ്ങൾ ഉത്പന്നത്തിൽ ഇല്ലെന്ന് റിപ്പോർട്ടിൽ വെളിവായി. ഇതേ തുടർന്നായിരുന്നു കോടതിയുടെ വിധി.

ഡി,ബി. ബിനു, പ്രസിഡന്റ് വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരായിരുന്നു ബെഞ്ചിൽ അംഗങ്ങളായി ഉണ്ടായിരുന്നത്.

ലീഗൽ മെട്രോളജിയിലെ ഉദ്യോഗസ്ഥരായ കെ.എം. മുഹമ്മദ് ഇസ്മായേൽ, എം.എസ് സാജു എന്നിവരാണ് കോടതിക്ക് തെറ്റായ റിപ്പോർട്ട് നൽകിയത്. ഇവർക്ക് ലീഗൽ മെട്രോളജി നിയമത്തെക്കുറിച്ച് 45 ദിവസത്തിനുള്ളിൽ പരിശീലനം നൽകണമെന്ന് കോടതി സംസ്ഥാന ലീഗൽ മെട്രോളജി കൺട്രോളർക്ക് നിർദേശം നൽകി.

Content Highlight: Court ordered Jhonson and Jhonsons to pay 60000 as compensation

We use cookies to give you the best possible experience. Learn more