മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കോടതി ഉത്തരവ്
Entertainment
മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കോടതി ഉത്തരവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th April 2024, 12:07 pm

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാകളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും നാൽപതു കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്.

ചിത്രത്തിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതാകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കമ്പിളിപ്പിച്ചു എന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ ഇരുന്നൂറ്റി ഇരുപതു കോടി രൂപ ചിത്രം കളക്ഷൻ നേടിയിട്ടുണ്ടെന്നും ഓ.ടി.ടി പ്ലാറ്റ്ഫോമുകൾ മുഖേനയും ചിത്രം ഇരുപതു കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.

നിർമാതാക്കൾ യാതൊരു തുകയും ചിലവാക്കിയിട്ടില്ലെന്നും ഇരുപത്തി രണ്ടു കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹരജിയിൽ ചൂണ്ടി കാട്ടുന്നു. ഹരജിയിൽ ചിത്രത്തിന്റെ നിർമാതാകളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. ഹരജി ഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂർ ഹാജരായി.

ലോകവ്യാപകമായി മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മഞ്ഞുമ്മലിൽ നിന്ന് തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരു കൂട്ടം യുവാക്കളുടെ യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയെടുത്ത ചിത്രം തമിഴ്നാട്ടിലും വലിയ വിജയമായിരുന്നു.

കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു.

Content Highlight: Court order to freeze bank account of Manjummal Boys makers