വിമാനത്തിലെ കയ്യേറ്റം; ഇ.പി. ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവ്
Kerala News
വിമാനത്തിലെ കയ്യേറ്റം; ഇ.പി. ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th July 2022, 3:57 pm

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കേസെടുക്കാന്‍ ഉത്തരവ്. വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട നടപടിയെ തുടര്‍ന്നാണ് കെസുടുക്കാന്‍ കോടതി ഉത്തരവുള്ളത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്.

വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്. ഇ.പി.ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് വി.എം. എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദേശം നല്‍കിയത്.

കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദ്, ആര്‍.കെ.നവീന്‍ കുമാര്‍ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

വിമാനത്തില്‍ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജന്‍ മര്‍ദിച്ചതായി ഹരജിയില്‍ പറയുന്നു. പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.