| Monday, 6th May 2024, 3:00 pm

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ആര്യ രാജേന്ദ്രന് പുറമെ പങ്കാളിയായ എം.എല്‍.എ സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍, സഹോദരന്റെ പങ്കാളി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് ഉത്തരവ്. ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ് നിര്‍ദേശം.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡ്രൈവറുടെ പരാതി കോടതി പൊലീസിന് കൈമാറി. എഫ്.ഐ.ആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ യദു നേരത്തെ രണ്ട് തവണ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ കോടതിയില്‍ നിന്നും കേസെടുക്കാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

നേരത്തെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായി നടുറോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെയും സച്ചിന്‍ ദേവ് എം.എല്‍.എക്കുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടേതായിരുന്നു ഉത്തരവ്. ബസ് തടഞ്ഞ് യാത്ര തടസപ്പെടുത്തിയെന്നും ഡ്രൈവറോട് മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് നല്‍കിയത്. തുടര്‍ന്ന് പരാതിയില്‍ കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

Content Highlight: Court order to file a case against Mayor Arya Rajendran on the complaint of KSRTC driver

We use cookies to give you the best possible experience. Learn more