പ്രിട്ടോറിയ: കാമുകിയെ വെടിവച്ച് കൊന്ന കേസില്‍ ഓസ്‌കാര്‍ പിസ്‌റ്റോറിയസിനെതിരെ കോടതി ഇന്ന് വിധി പറയും. ഓസ്‌കാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
വീട്ട് തടങ്കലും നിര്‍ബന്ധിത സാമൂഹ്യ സേവനവും ആകും ഓസ്‌കാര്‍ പിസ്‌റ്റോറിയസിന് കോടതി ശിക്ഷയായി നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രത്യേക കോടതിയാവും ശിക്ഷ വിധിക്കുക. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഓസ്‌കറിനെതിരെയുള്ള കേസ്. അതേസമയം ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വെച്ചുവെന്ന കേസ് കോടതി ഒഴിവാക്കിയിരുന്നു. വീട്ടില്‍ ആരോ അതിക്രമിച്ച് കയറിയെന്ന് തെറ്റിദ്ധരിച്ചാണ് പിസ്‌റ്റോറിയസ് വെടി ഉതിര്‍ത്തതെന്നാണ് കേസ്. മനഃപൂര്‍വ്വം വെടിവെച്ചതല്ലെന്ന വാദത്തില്‍ പിസ്‌റ്റോറിസ് ഉറച്ചുനില്‍ക്കുകയായിരുന്നു.
പിസ്‌റ്റോറിയസ് ആസൂത്രിത കൊല നടത്തിയിട്ടില്ലെന്നായിരുന്നു പ്രിട്ടോറിയ കോടതിയുടെ കണ്ടെത്തല്‍. 2013 ഫെബ്രുവരി 14 നാണ് കാമുകി റീവ സ്റ്റീന്‍കാംപിനെ പിസ്‌റ്റോറിയസ് വെടിവെച്ചു കൊന്നത്. കേസില്‍ 37 ലധികം സാക്ഷികളെ വിസ്തരിച്ചു. ആറു മാസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പിസ്‌റ്റോറിയസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
ഇന്നലെയാണ് കോടതി അവസാനവട്ട വാദം പൂര്‍ത്തിയാക്കിയത്.