കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്ത നദീറിന്റെ വിഷയത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷയാണ് ഇന്നുമുതല്‍ മൂന്നുമാസത്തെ കാലയളവിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ടു നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
കേസ് നീട്ടിക്കൊണ്ടുപോകുന്ന പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു കോടതി തീരുമാനം അറിയിച്ചത്. ” അദ്ദേഹത്തിനെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കി നിയമപരമായി മേല്‍നടപടി സ്വീകരിക്കൂ. ഇല്ലെങ്കില്‍ അദ്ദേഹത്തെ വെറുതെ വിടൂ. ഇതൊരു യുവാവിന്റെ ജീവിതത്തെ ബാധിക്കുന്ന വിഷയമാണ്. ഇതിനൊരു അന്ത്യമുണ്ടായേ തീരൂ.” എന്നാണ് കോടതി അറിയിച്ചത്.
“ഡെമോക്ലസിന്റെ ഒരു വാള്‍ തലക്ക് മുകളിലിട്ട് എത്ര കാലമായി, ഈ യുവാവ് നടക്കുന്നു. ഇതിനൊരു അവസാനം വേണ്ടേ?”യെന്നും കോടതി ചോദിച്ചു.
നദിയ്‌ക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രസമയം വേണ്ടിവരുമെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ് മൂന്നുമാസത്തെ സമയം കോടതി അനുവദിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസെടുത്ത പൊലീസ് നടപടിയ്‌ക്കെതിരെ നദീര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരന് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അദ്ദേഹത്തിന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. അഡ്വ. പി. ചന്ദ്രശേഖര്‍, സി.വി മനുവില്‍സണ്‍ എന്നിവരാണ് ഹര്‍ജിക്കാരനുവേണ്ടി കോടതിയില്‍ ഹാജരായത്.
ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത FIR 148/16 ന്റെ ഭാഗമായാണ് 2016 ഡിസംബര്‍ 19 ന് ആണ് നദീറിനെ കസ്റ്റഡിയില്‍ എടുത്തത്. ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തുവെന്നായിരുന്നു പൊലീസ് ആരോപണം.
എന്നാല്‍ പൊലീസ് നടപടി വിവാദമായതോടെ തെളിവില്ലെന്ന് പറഞ്ഞ് അടുത്ത ദിവസം പുറത്ത് വിടുകയും ചെയ്തിരുന്നു. നദീറിനെതിരെ ചുമത്തപ്പെട്ട യു.എ.പി.എ തള്ളിയെന്നും നദീറിനെതിരെ യാതൊരു കേസുമില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയും അറിയിച്ചിരുന്നു. എന്നാല്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീറിനെതിരെ പൊലീസ് നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു.