| Monday, 1st July 2019, 2:54 pm

സി.പി ജലീലിന്റെ കൊലപാതകം: വെടിവെപ്പ് ആസൂത്രിതമെന്ന ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്ന് കോടതി. വെടിവെപ്പ് ആസൂത്രിതമാണെന്ന ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്ന് കല്‍പ്പറ്റ കോടതിയാണ് നിര്‍ദേശിച്ചത്.

ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന്‌ സഹോദരന്‍ സി.പി റഷീദ് അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

വൈത്തിരിയില്‍ നടന്ന പോലീസ് ആക്ഷന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ കല്‍പ്പറ്റ ഡി.വൈ.എസ്.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദീകരണവും നേരത്തെ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളും സമയവും തമ്മിലുള്ള വൈരുദ്ധ്യമാണ് സി.പി റഷീദ് ചൂണ്ടിക്കാട്ടിയത്. റിപ്പോര്‍ട്ടിലെ വിശദീകരണ പ്രകാരം, ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകളെത്തിയെന്ന വിവരമറിഞ്ഞ പോലീസ് സംഘം റിസോര്‍ട്ടിന്റെ ഗെയ്റ്റിന് പുറത്തെത്തുന്നത് രാത്രി 8.55 ന് ആണ്.

പിന്നീട് 10 മീറ്റര്‍ പിന്നിട്ട് റിസപ്ഷന് അടുത്തെത്തിയ സംഘം ഇലക്ട്രിക് വെളിച്ചത്തില്‍ മാവോയിസ്റ്റുകളെ കാണുകയും അവര്‍ക്ക് വാണിംഗ് നല്‍കുകയും ചെയ്തു. എന്നാല്‍ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനാല്‍ സ്വയം രക്ഷാര്‍ത്ഥം തിരിച്ച് വെടിവെച്ചുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം സി.സി.ടിവി ഫൂട്ടേജുകളില്‍ കാണുന്നത് 8.51 ന് തന്നെ മാവോയിസ്റ്റുകള്‍ തിരിഞ്ഞോടുന്നതായാണ്. 8.55 നാണ് പോലീസ് റിസോര്‍ട്ടിന്റെ പുറത്തെത്തിയതെങ്കില്‍ പിന്നെ എന്തിനാണ് 8.51 ന് തന്നെ മാവോയിസ്റ്റുകള്‍ ഓടുന്നതെന്ന് സി.പി റഷീദ് ചോദിക്കുന്നു. പൊലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചുവെന്ന് അവര്‍ പറയുമ്പോഴും, പൊലിസ് സാന്നിദ്ധ്യം മനസ്സിലാക്കിയ ഉടന്‍ പിന്തിരിഞ്ഞോടുന്ന മാവോയിസ്റ്റുകളെയാണ് ഫൂട്ടേജില്‍ കാണുന്നതെന്നതും ജലീലിന്റെ ശരീരത്തില്‍ വെടിയേറ്റത് മുഴുവന്‍ പിറകില്‍ നിന്നാണെന്നതും ഏറ്റുമുട്ടല്‍ എന്ന പൊലീസ് ഭാഷ്യം കള്ളമാണെന്നതിന്റെ തെളിവാണെന്ന സി.പി റഷീദ് ചൂണ്ടിക്കാട്ടിയിരുന്നു.

സംഭവം നടന്ന സ്ഥലത്ത് പതിനാറോളം സി.സി.ടി.വി ക്യാമറകളുണ്ടായിട്ടും വെറും മൂന്ന് ക്ലിപ്പുകള്‍ ഒഴികെ ബാക്കിയൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല എന്നത് കൂടുതല്‍ സംശയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more