കല്‍പ്പറ്റ: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്ന് കോടതി. വെടിവെപ്പ് ആസൂത്രിതമാണെന്ന ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്ന് കല്‍പ്പറ്റ കോടതിയാണ് നിര്‍ദേശിച്ചത്.
ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സഹോദരന്‍ സി.പി റഷീദ് അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.
വൈത്തിരിയില്‍ നടന്ന പോലീസ് ആക്ഷന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ കല്‍പ്പറ്റ ഡി.വൈ.എസ്.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദീകരണവും നേരത്തെ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളും സമയവും തമ്മിലുള്ള വൈരുദ്ധ്യമാണ് സി.പി റഷീദ് ചൂണ്ടിക്കാട്ടിയത്. റിപ്പോര്‍ട്ടിലെ വിശദീകരണ പ്രകാരം, ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകളെത്തിയെന്ന വിവരമറിഞ്ഞ പോലീസ് സംഘം റിസോര്‍ട്ടിന്റെ ഗെയ്റ്റിന് പുറത്തെത്തുന്നത് രാത്രി 8.55 ന് ആണ്.
പിന്നീട് 10 മീറ്റര്‍ പിന്നിട്ട് റിസപ്ഷന് അടുത്തെത്തിയ സംഘം ഇലക്ട്രിക് വെളിച്ചത്തില്‍ മാവോയിസ്റ്റുകളെ കാണുകയും അവര്‍ക്ക് വാണിംഗ് നല്‍കുകയും ചെയ്തു. എന്നാല്‍ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനാല്‍ സ്വയം രക്ഷാര്‍ത്ഥം തിരിച്ച് വെടിവെച്ചുവെന്നാണ് പൊലീസ് പറയുന്നത്.