ഉപയോക്താക്കളുടെ അനുവാദമില്ലാതെ വ്യക്തികളുടെ മുഖം തിരിച്ചറിയുന്ന ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ടൂള്‍ ഉപയോഗിച്ചതിന് ഫേസ്ബുക്ക് നിയമനടപടി നേരിടണമെന്ന് കാലിഫോര്‍ണിയയിലെ ഫെഡറല്‍ ജഡ്ജി ജയിംസ് ഡൊണാറ്റോ ഉത്തരവിട്ടു. അമേരിക്കയിലെ നിമേഷ് പട്ടേല്‍, ആഡം പേസെന്‍, കാര്‍ലോ ലികാറ്റ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി.
അമേരിക്കയിലെ ഇലിനോയ് സംസ്ഥാനത്തിന്റെ ബയോമെട്രിക് സ്വകാര്യതാസംരക്ഷണ നിയമത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിനുപിന്നാലെ കോടതി നടപടി നേരിടേണ്ടിവരുന്നത് ഫേസ്ബുക്കിന് മറ്റൊരു തിരിച്ചടിയായി. പരാതിയില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ച കോടതി ഫേസ്ബുക്ക് കോടികള്‍ നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമെന്നും സൂചിപ്പിച്ചു.
ഉപയോക്താക്കളുടെ സുഹൃത്തുക്കള്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളില്‍നിന്ന് മുഖങ്ങള്‍ തിരിച്ചറിഞ്ഞ് ഫേസ്ബുക്ക് ടാഗിങ് സൗകര്യം നിര്‍ദേശിക്കാറുണ്ട്. ഫോട്ടോയില്‍ ഉള്‍പ്പെട്ടയാളുടെ ഫേസ്ബുക്ക് പേജിലും ഇതേ ചിത്രം ഇടുന്നതിനുള്ള ശുപാര്‍ശയാണിത്.
അതേസമയം പരാതിക്ക് പ്രസക്തിയില്ലെന്നും കേസിനെ നേരിടുമെന്നും ഫേസ്ബുക്ക് പ്രതികരിച്ചു. തങ്ങളുടെ പ്രവര്‍ത്തനം തുടക്കം മുതലേ സുതാര്യമാണെന്നും സെറ്റിംഗസില്‍ മാറ്റം വരുത്തി സുഹൃത്തുക്കളുടെ ചിത്രങ്ങളില്‍ ടാഗ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനുള്ള സൗകര്യം ലഭ്യമാണെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
2010-ലാണ് ഫേസ്ബുക്ക് ഫേഷ്യല്‍ റെക്കഗ്നീഷന്‍ ടൂള്‍ നടപ്പിലാക്കിയത്. നേരത്തെ ഇതേ പ്രശ്‌നമുയര്‍ത്തി 2012-മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ടൂള്‍ ഉപയോഗിക്കുന്നത് തടഞ്ഞിട്ടുണ്ട്.
WATCH THIS VIDEO: