ദേശീയ അവാര്‍ഡ് നേടിയ മറാത്തി ചിത്രം കോര്‍ട്ടിലെ അഭിനേതാവും പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനുമായ വീര സത്തീധര്‍ അന്തരിച്ചു. ഒരാഴ്ച മുന്‍പ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാഗ്പൂരിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
കോര്‍ട്ടില്‍ നാരായണ്‍ കാംബ്ലേ എന്ന സാമൂഹ്യപ്രവര്‍ത്തകനായിട്ടായിരുന്നു വീര സത്തീധര്‍ കോര്‍ട്ടില്‍ അഭിനയിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുതന്നെ പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ സംവിധായകനും എഴുത്തുകാരനുമായ ചൈതന്യ താംനേ നാരായണ്‍ കാംബ്ലേയെ ഒരുക്കിയത്.
എഴുത്തുകാരന്‍, കവി, രാഷ്ട്രീയ ചിന്തകന്‍, നാടക പ്രവര്‍ത്തകന്‍, പ്രാസംഗികന്‍, അഭിനേതാവ്, പത്രപ്രവര്‍ത്തകന്‍ എന്നീ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച വീര സാത്തിധാര്‍ മഹാരാഷ്ട്രയിലെ പ്രമുഖ അംബേദ്കറിസ്റ്റുകളിലൊരാളായിരുന്നു.
അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ച് നിരവധി പേര്‍ രംഗത്തെത്തി. താന്‍ സ്തബ്ധനായിരിക്കുകയാണെന്നും എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നുമാണ് ചൈതന്യ തമനേ പ്രതികരിച്ചത്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ലവനായ ഏറ്റവും കഴിവുള്ള വ്യക്തികളിലൊരാളാണ് വീരാ സാത്തിധാര്‍ എന്നും ചൈതന്യ പറഞ്ഞു.
കോര്‍ട്ട് സിനിമയുടെ സമയത്ത് അദ്ദേഹത്തെ കണ്ടുമുട്ടിയതും കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചതുമെല്ലാം ഇന്നും ഓര്‍ക്കുന്നെന്നും ചൈത്യ കൂട്ടിച്ചേര്‍ത്തു.
മുന്‍ മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും വീരാ സാത്തിധാര്‍ക്ക് ആദരാഞ്‌ലികള്‍ അര്‍പ്പിച്ചുകൊണ്ട് ഫേസ്ബുക്കിലെഴുതി. ‘കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍, സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ സിനിമകളില്‍ വച്ചേറ്റവും മഹത്തരമായ ‘കോര്‍ട്ട്’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി നാരായണ്‍ കാംബ്ലെയായി വീര സത്തീധര്‍ വരുന്നത് യാദൃശ്ചികമല്ല.
നാഗ്പൂരിലെ ചേരികളില്‍ വളര്‍ന്ന്, അംബേദ്കര്‍ രാഷ്ട്രീയം കേട്ടും പറഞ്ഞും പഠിപ്പിച്ചും നാടകം കളിച്ചും പാട്ട് പാടിയും സത്തീധറും കൂട്ടരും പ്രചരിപ്പിച്ച കലയുടെയും സാഹിത്യത്തിന്റേയും ചിന്തകളുടേയും പ്രതിഷേധത്തിന്റേയും തുടര്‍ച്ചയാണ് ചൈതന്യ തമനേയുടെ കോര്‍ട്ട്.
വീര സത്തീധര്‍ പോകുമ്പോള്‍ അദ്ദേഹം പാടിയ പാട്ടുകള്‍, അദ്ദേഹം പറഞ്ഞ രാഷ്ട്രീയം കൂടുതല്‍ പ്രഹരശക്തിയോടെ ഉയര്‍ന്ന് കേള്‍ക്കുന്ന കാലമാണ്. വിട, കോമ്രേഡ്,’ ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.