| Monday, 7th September 2015, 11:02 pm

മച്ചില്‍ വ്യാജ ഏറ്റുമുട്ടല്‍: ആറ് സൈനികരുടെയും ജീവപര്യന്തം ശരിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2010ലെ മച്ചില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ആറ് സൈനികരുടെയും ശിക്ഷ നോര്‍ത്തേണ്‍ കമാന്‍ഡ് ശരിവെച്ചു. കേണല്‍ ദിനേഷ് പത്താനിയ, ക്യാപ്റ്റന്‍ ഉപേന്ദ്ര, ഹവില്‍ദാര്‍ ദേവേന്ദ്ര കുമാര്‍, ലാന്‍സ് നായിക്കുമാരായ ലഖ്മി, അരുണ്‍ കുമാര്‍, റൈഫിള്‍മാന്‍ അബാസ് ഹുസൈന്‍ എന്നിവരുടെ ജീവപര്യന്തം തടവാണ് ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് (നോര്‍ത്ത്) ലഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡ ശരിവച്ചത്.

2012 ഏപ്രിലില്‍ കശ്മീരിലെ മച്ചില്‍ സെക്ടറില്‍ തീവ്രവാദികളെന്നാരോപിച്ച് കൊണ്ട് മൂന്ന് ചെറുപ്പക്കാരെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്നാണ് കേസ്. ബാരമുല്ല ജില്ലയില്‍ നിന്നുള്ള ചെറുപ്പക്കാരെ അതിര്‍ത്തിയിലേക്കു വിളിച്ചുവരുത്തിയ ശേഷമാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.

യുവാക്കള്‍ കൊലപ്പെട്ടതിന് ഒരു മാസത്തിന് ശേഷമാണ് ഇവരുടെ പേര് വിവരങ്ങള്‍ സൈന്യം പുറത്ത് വിട്ടിരുന്നത്. ഇതേ തുടര്‍ന്ന് കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ സൈന്യത്തിന്റെ വെടിയേറ്റ് 123 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് കശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി അന്വേഷണം നടത്തിയെങ്കിലും റിപ്പോര്‍ട്ട് ഒരിക്കല്‍ പോലും പുറത്ത് വിട്ടിരുന്നില്ല.

2013ല്‍ സൈനിക കോടതിയാണ് ഇവര്‍ക്കുള്ള ശിക്ഷ വിധിച്ചത്. 302,364,120,34 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സൈനികര്‍ക്കെതിരായി കോടതി ശിക്ഷ വിധിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more