[]ന്യൂദല്‍ഹി: മണിപ്പൂരിലെ പട്ടാള അതിക്രമങ്ങള്‍ക്ക് നേരെ പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിളക്കെതിരെ ദില്ലി മെട്രോപൊളിറ്റന്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്. ജനുവരി 30ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് വാറണ്ട്.
ആത്മഹത്യാ ശ്രമക്കേസിലാണ് ശര്‍മ്മിളക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മണിപ്പൂരില്‍ സൈന്യത്തിനുളള പ്രത്യേക അധികാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട 2006ല്‍ ജന്തര്‍മന്ദറില്‍ ഇറോം ശര്‍മ്മിള നിരാഹാര സമരം നടത്തിയിരുന്നു.
ഇത് ആത്മഹത്യാശ്രമമാണെന്ന് കാണിച്ച ശര്‍മ്മിളക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ശര്‍മ്മിളക്കെതിരെ ദില്ലി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആകാശ് ജെയിന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ ഇറോം ശര്‍മ്മിളക്ക് ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം. എന്നാല്‍ ആത്മഹത്യാശ്രമം നടത്തിയെന്ന ആരോപണം ഇറോം ശര്‍മ്മിള നേരത്തെ നിഷേധിച്ചിരുന്നു.
ആത്മഹത്യ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റേത് അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരമാണെന്നുമായിരുന്നു ഇറോം ശര്‍മ്മിളയുടെ മറുപടി.
“ഞാന്‍ ജീവിതത്തെ സ്‌നേഹിക്കുന്നു. അത് തല്ലിക്കെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം നീതിയും സമാധാനവും എന്റെ ആവശ്യമാണ്. അതിനായി ഞാന്‍ പോരാടും “” എന്നായിരുന്നു ഇറോം ശര്‍മ്മിളയുടെ മറുപടി.
മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ അനുവദിച്ച് നല്‍കുന്ന എ.എഫ്. എസ്.പി.എ(Armed Force Special Power Act)
നിയമത്തിനെതിരെ 2000 നവംബര്‍ 2 മുതല്‍ നിരാഹാരമനുഷ്ടിച്ച് വരികയാണ് ഇറോം ശര്‍മ്മിള.
നിയമത്തിനെതിരെ ഇറോം സമരം ആരംഭിച്ചത് 27ാം വയസ്സിലാണ്. പ്രത്യേക സൈനിക കരിനിയമം പിന്‍വലിച്ചാലേ നിരാഹാര സമരം അവസാനിപ്പിക്കു എന്നാണ് ഇപ്പോള്‍ നാല്‍പ്പതുകാരിയായ ശര്‍മ്മിളയുടെ നിലപാട്.
മണിപ്പൂരിലെ മാലോമില്‍ സ്വന്തം വീടിനടുത്ത് ബസ് സ്‌റ്റോപ്പില്‍ സാധാരണക്കാരായ പത്തുപേരെ പട്ടാളം വെടിവച്ചുകൊന്ന സംഭവത്തിന് ദൃസാക്ഷിയായതോടെയാണ് ഇറോം ശര്‍മിള ഈ അനീതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചത്.
ഇറോമിനെ അറസ്റ്റുചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ട്യൂബ് വഴി ഭക്ഷണം നല്‍കി ജീവന്‍ നിലനിര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.