കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രദേശവാസികളുടെ അഭിപ്രായം കൂടി പരിഗണക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ആനക്കൂട്ടില്‍ അടയ്ക്കുന്നതിനുള്ള അനുമതി തേടിയുള്ള വനംവകുപ്പിന്റെ ആവശ്യം വിലക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം പറയുന്നത്.
ആനയെ പിടികൂടുന്നതിന് പകരം ബദല്‍ മാര്‍ഗം ഉപയോഗിച്ച് എന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. ആന എവിടെയുണ്ടെന്ന് നിരീക്ഷണം തുടരണമെന്നും ജനവാസ മേഖലകളിലിറങ്ങി ശല്യമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
മദപ്പാടിലുള്ള അരിക്കൊമ്പന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നത് തടയാന്‍ നിരീക്ഷണം ശക്തമാക്കണമെന്നും ഇതിനായി കുംങ്കി ആനകളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചിന്നക്കനാലില്‍ തുടരണമെന്നും കോടതി നര്‍ദേശത്തില്‍ പറയുന്നു.
അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി പറഞ്ഞു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു.