| Friday, 17th September 2021, 3:30 pm

ഇസ്രാഈലിലേക്ക് തിരിച്ച് പോകേണ്ടി വന്നാല്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കപ്പെടും; ബ്രിട്ടണിലേക്ക് പലായനം ചെയ്ത യുവാവിന്റെ അപേക്ഷ കേള്‍ക്കാനൊരുങ്ങി ബ്രിട്ടീഷ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: മാതൃരാജ്യം വിട്ട് ബ്രിട്ടണില്‍ അഭയം തേടിയ ഇസ്രാഈലി പൗരന്റെ അപ്പീല്‍ കേള്‍ക്കാനൊരുങ്ങി കോടതി. തന്നെ ഇസ്രാഈലി സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബ്രിട്ടണില്‍ അഭയം തേടി വന്നതെന്നും ജൂത യുവാവ് പറയുന്നു.

ഈ വരുന്ന തിങ്കളാഴ്ച മാഞ്ചസ്റ്ററിലുള്ള കുടിയേറ്റക്കാരുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന കോടതിയായിരിക്കും വിഷയത്തില്‍ വാദം കേള്‍ക്കുക.

ഇസ്രാഈലിലേക്ക് തിരിച്ച് പോകേണ്ട അവസ്ഥ വന്നാല്‍ താന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കപ്പെടുമെന്ന് യുവാവ് പറഞ്ഞു. അത് മനുഷ്യരാശിക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്ക് തന്നെ നയിക്കുമെന്നുള്ള ഭയത്തിലാണ് നാടുവിട്ട് ബ്രിട്ടണില്‍ അഭയം തേടിയത് എന്നും അദ്ദേഹം വിശദീകരിച്ചു.

2017ല്‍ ഇസ്രാഈലി സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പട്ടാളത്തില്‍ നിന്നും ലഭിച്ചതിനെത്തുടര്‍ന്നാണ് 21കാരനായ വിദ്യാര്‍ഥിയായ യുവാവ് ബ്രിട്ടണിലേക്ക് പലായനം ചെയ്തത് എന്നാണ് ഇയാളുടെ അഭിഭാഷകര്‍ പറയുന്നത്.

ബ്രിട്ടണില്‍ അഭയത്തിനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ട് യുവാവ് 2020 ഡിസംബറില്‍ സമര്‍പ്പിച്ച അപേക്ഷ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേല്‍ തള്ളിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

”ഇസ്രാഈല്‍ ഒരു വിവേചന, അക്രമ രാഷ്ട്രമായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് എന്റെ കക്ഷി അദ്ദേഹത്തിന്റെ വാദം തെളിയിക്കാന്‍ ശ്രമിക്കുന്നത്,” യുവാവിനെ പ്രതിനിധീകരിച്ച് ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോളിസിറ്റര്‍ ഫഹദ് അന്‍സാരി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Court in UK is set to hear an appeal in the asylum case of a young Israeli

We use cookies to give you the best possible experience. Learn more