[]നഗ്ന പോസ്റ്ററിന്റെ പേരില്‍ അശ്ലീലത കുറ്റം ചുമത്തി ആമിര്‍ ഖാനും മറ്റ് ഒമ്പതുപേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ജബല്‍പൂര്‍ ജില്ലാ കോടതി ഉത്തരവ്. ആമിറിന് പുറമേ പികെയുടെ സംവിധായകനായ രാജ്കുമാര്‍ ഹിരാനി, നിര്‍മാതാവ് വിധു വിനോദ് ചോപ്ര, ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് മുകേഷ് ഭട്ട്, മൂന്ന് ഹിന്ദി പത്രങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ആമിര്‍ നഗ്നനായി നില്‍ക്കുന്ന പികെയുടെ പോസ്റ്ററാണ് കേസിനാധാരം. ഐ.പി.സി സെക്ഷന്‍ 292 ( അശ്ലീല ചിത്രങ്ങളുടെ വില്പന), സെക്ഷന്‍ 294( അശ്ലീല ചിത്രങ്ങള്‍ യുവാക്കള്‍ക്ക് എത്തിക്കുക) എന്നീ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്രങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ചിത്രം അശ്ലീലമാണെന്നും ഇത് ജനങ്ങളെ വഴിതെറ്റിക്കുമെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ അമിത് കുമാര്‍ സാഹു അഭിപ്രായപ്പെട്ടു.
പികെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു. ” നിങ്ങള്‍ ഇഷ്ടമല്ലെങ്കില്‍ ഇത് നോക്കേണ്ട. എന്നാല്‍ ഇതിന് മതപരമായ ഭാവം നല്‍കേണ്ടതില്ല” എന്ന് പറഞ്ഞായിരുന്നു കോടതി ഹരജി തള്ളിയത്. ഇതെല്ലാം കലയും വിനോദവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതിനെ അങ്ങനെ തന്നെ കണ്ടാല്‍ മതിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.