ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ദീഘകാലമായി നേരിടുന്ന നിരവധി അഴിമതി ആരോപണങ്ങളിലുള്ള വിചാരണ പുനരാരംഭിക്കും. നെതന്യാഹുവിനെതിരെയുള്ള ആരോപണങ്ങളിലുള്ള വിചാരണ ജറുസലേമിലെ കോടതിയില്‍ നടക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ ഏഴിന് ഇസ്രഈലിനെതിരെ ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ നീതിന്യായ മന്ത്രിയുടെ അടിയന്തര ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിചാരണ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 2019ല്‍ ഫയല്‍ ചെയ്ത കേസ് 1000, 2000, 4000 എന്നിങ്ങനെയുള്ള മൂന്ന് കേസുകളില്‍ വഞ്ചന, കൈക്കൂലി, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ചുമത്തപ്പെട്ടത്.
കൈക്കൂലി ആരോപണങ്ങള്‍ക്ക് 10 വര്‍ഷം തടവും പിഴയും ലഭിക്കും. വഞ്ചനക്കും വിശ്വാസലംഘനത്തിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും. 2020 മെയ് മാസത്തില്‍ ആരംഭിച്ച വിചാരണ പ്രതിരോധം, പ്രോസിക്യൂഷന്‍ തര്‍ക്കം, കൊവിഡ് എന്നീ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.
‘കേസ് 1000’ പ്രകാരം നെതന്യാഹുവും ഭാര്യ സാറയും പ്രമുഖ ഹോളിവുഡ് നിർമാതാവ് അര്‍നോണ്‍ മില്‍ച്ചനില്‍ നിന്നും ഓസ്ട്രേലിയന്‍ ശതകോടീശ്വരനായ വ്യവസായി ജെയിംസ് പാക്കറില്‍ നിന്നും രാഷ്ട്രീയ ആനുകൂല്യങ്ങള്‍ സ്വീകരിച്ചുവെന്നാണ് ആരോപിക്കപ്പെടുന്നത്.
എന്നാല്‍ നിലവിലെ എല്ലാ അഴിമതി ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു. തന്റെ സര്‍ക്കാരിനെ തകര്‍ക്കാന്‍ വേണ്ടി പ്രതിപക്ഷവും മാധ്യമങ്ങളും സംയുക്തമായി നടത്തിയ മാന്ത്രിക വേട്ടയുടെ ഇരയാണ് താനെന്നും പ്രധാനമന്ത്രി ആരോപിച്ചു. സ്വയം സംരക്ഷണത്തിനായി നെതന്യാഹു പുതിയ നിയമ നിര്‍മാണത്തിന് മുതിര്‍ന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
Content Highlight: Court hearings on corruption charges against Netanyahu will resume