| Thursday, 12th November 2020, 2:05 pm

ഇ.ഡിക്കെതിരെ കോടതി; 'ലൈഫ് മിഷനിലെ കമ്മീഷനാണ് ലോക്കറിലെന്നത് ഇ.ഡി കേസിന് എതിര് '

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരായ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റിന് വിമര്‍ശനവുമായി കോടതി.

ലൈഫ് മിഷനിലെ കമ്മീഷനാണ് ലോക്കറിലെന്നത് ഇ.ഡി കേസിന് എതിരാവുമെന്നും വേറെ കോഴയും ഈ കേസുമായി ബന്ധപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ ലക്ഷ്യമെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. യാതൊരു തെളിവും ഇല്ലാതെയാണ് ഈ കേസില്‍ ഇ.ഡി അന്വേഷണവുമായി മുന്നോട്ടുപോവുന്നതെന്നായിരുന്നു ജാമ്യാപേക്ഷയിലെ വാദത്തിനിടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ കുറ്റപ്പെടുത്തിയത്.

സ്വര്‍ണക്കടത്തു കേസിലെ എന്‍.ഐ.ഐ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇ.ഡിയുടെ കണ്ടെത്തലുകള്‍. ലോക്കറിലെ പണം ലൈഫ് മിഷനിലെ കോഴയാണെന്നാണ് പറയുന്നത്. മറ്റു കേസിലെ കോഴപ്പണം ഇ.ഡിയുടെ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാവും?

ഒരു തെളിവുമില്ലാതെ പ്രതിയുടെ മൊഴി മാത്രം വെച്ചാണ് ഇ.ഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ പ്രതിയുടെ മൊഴി പ്രധാനമല്ലേയെന്ന് ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു. സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി. അത് അവഗണിക്കാനാവുമോയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ മാനസിക സമ്മര്‍ദം മൂലമാവും സ്വപ്ന അത്തരത്തില്‍ മൊഴി നല്‍കിയത് എന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം.

സ്വര്‍ണക്കടത്തു തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് അവസാനിപ്പിച്ചതാണ് ലോക്കര്‍ ഇടപാടെന്ന് അഭിഭാഷകന്‍ പറഞ്ഞു. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചിട്ടില്ല. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ശിവശങ്കര്‍ വിളിച്ചതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Court Hearing Shivashankar bail Plea

We use cookies to give you the best possible experience. Learn more