| Tuesday, 11th April 2017, 11:36 am

കെ.എം ഷാജഹാന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു; മറ്റ് നാല് പേര്‍ക്കും ജാമ്യം ലഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡി.ജി.പി ഓഫീസിന് മുന്നല്‍ നടന്ന സംഭവങ്ങളുടെ പിന്നില്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കെ.എം ഷാജഹാന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഷാജഹാനെ കൂടാതെ മറ്റ് നാല് കുറ്റാരോപിതര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

15,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ പൊലീസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

എസ്.യു.സി.ഐ നേതാവ് ഷാജിര്‍ഖാന്‍, മിനി, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ക്കാണ് ഷാജഹാനെ കൂടാതെ ജാമ്യം ലഭിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള 120 (ബി) വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഷാജഹാനെതിരെയുള്ള നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി നേരത്തേ രംഗത്തെത്തിയിരുന്നു. ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഷാജഹാന്റെ രക്ഷാധികാരിയായി ഉമ്മന്‍ചാണ്ടി എത്തിയിട്ടുണ്ടല്ലോയെന്നും പിണറായി വിജയന്‍ ചോദിച്ചു.


Also Read: ‘ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലും ഭേദം എന്നെ കൊന്നു കളയുന്നതാണ്’; ജിഷ്ണുവിന്റെ അമ്മാവന്‍ ദേശാഭിമാനിയില്‍ നിന്ന് രാജി വെച്ചു


വ്യക്തിവിരോധം തീര്‍ക്കാനല്ല ഷാജഹാനെതിരെയുള്ള പൊലീസ് നടപടി. അതിനായിരുന്നെങ്കില്‍ നേരത്തേ ആകാമായിരുന്നു. തനിക്ക് എന്ത് വ്യക്തി വിരോധമാണ് ഷാജഹാനോട് ഉള്ളത്? ഷാജഹാന്റെ രക്ഷാധികാരിയായി ഉമ്മന്‍ചാണ്ടി വന്നിട്ടുണ്ടല്ലോയെന്നും പിണറായി പറഞ്ഞു. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെതിരേയും പിണറായി രംഗത്തെത്തി.

ജിഷ്ണുവിന്റെ അമ്മാവനെന്ന് പറയുന്ന ആളാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ശ്രീജിത്ത് സര്‍ക്കാറിന് മുന്നില്‍ ആവശ്യങ്ങള്‍ മാറ്റി മാറ്റി വെയ്ക്കുന്നു. എസ്.യു.സി.ഐ പ്രവര്‍ത്തകരുടെ ഫോണ്‍ ശ്രീജിത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more