| Monday, 7th June 2021, 3:13 pm

കെ. സുരേന്ദ്രനെതിരെ കേസെടുക്കാം; കോടതി അനുമതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി. കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണു സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയത്.

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങാന്‍ കോഴ നല്‍കിയെന്ന പരാതിയിലാണു നടപടിയുണ്ടായിരിക്കുന്നത്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വി.വി. രമേശനാണ് പരാതി നല്‍കിയിരുന്നത്.

സുരേന്ദ്രനൊപ്പം ബി.ജെ.പിയുടെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക എന്ന വകുപ്പിലാണ് കേസെടുക്കുക.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബി.ജെ.പിക്കാര്‍ തനിക്ക് പണം നല്‍കിയെന്ന് കെ. സുന്ദര പറഞ്ഞതോടെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്.

സുരേന്ദ്രനും ബി.ജെ.പിയും സുന്ദരയുടെ വെളിപ്പെടുത്തലുകളെ നിഷേധിച്ചെങ്കിലും പണം നല്‍കിയത് യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കാണെന്നു കഴിഞ്ഞ ദിവസം കെ. സുന്ദര പൊലീസിനു മൊഴി നല്‍കി.

സുനില്‍ നായിക്ക്, സുരേഷ് നായിക്ക് തുടങ്ങിയവരാണു പണം നല്‍കാന്‍ വന്നതെന്നും സുന്ദര പറഞ്ഞു. അശോക് ഷെട്ടിയും സംഘത്തിലുണ്ടായിരുന്നുവെന്ന് സുന്ദര പറഞ്ഞു. ബദിയടുക്ക പൊലീസിനാണ് സുന്ദര മൊഴി നല്‍കിയത്. ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും സുന്ദര പറഞ്ഞു.

സുന്ദരയ്ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. മൊഴിനല്‍കിയ ശേഷം വീട്ടിലെത്തിച്ചതും പൊലീസ് സംരക്ഷണിയിലാണ്. കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ടു സുനില്‍ നായിക്കിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനില്‍ നായിക്കായിരുന്നു പണം നല്‍കിയതെന്നായിരുന്നു ധര്‍മരാജന്‍ പൊലീസിന് മൊഴി നല്‍കിയത്.

മാര്‍ച്ച് 21 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കെ. സുന്ദരയുടെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രം സുനില്‍ നായിക്ക് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുമുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കാശ് വാങ്ങിയത് തെറ്റാണെന്നും എന്നാല്‍ ചെലവായതിനാല്‍ തിരികെ കൊടുക്കാനില്ലെന്നും സുന്ദര നേരത്തെ പറഞ്ഞിരുന്നു.

ആരുടെയും പ്രലോഭനത്തിലല്ല ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും കെ. സുന്ദര വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി. നേതാക്കാള്‍ പണം നല്‍കിയെന്നു കെ. സുന്ദര വെളിപ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Court give permission to file case against K Surendran

We use cookies to give you the best possible experience. Learn more