ന്യൂദല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ പേരില്‍ കുറ്റം ചുമത്തി. ലഖിംപൂര്‍ ഖേരി കോടതിയാണ് കേസിലെ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി ഉത്തരവിട്ടത്.
ഡിസംബര്‍ 16ന് കേസിന്റെ വിചാരണ ആരംഭിക്കുമെന്നും കോടതി അറിയിച്ചു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ആശിഷ് മിശ്രയുടെ ഹരജി വിചാരണ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തിരുന്ന കര്‍ഷക സംഘത്തിനിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയത്.
ആശിഷ് മിശ്രയുടെ പിതാവും ബി.ജെ.പി നേതാവുമായ അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഥാര്‍ ഉള്‍പ്പെടെ മൂന്ന് എസ്.യു.വികളുടെ വാഹനവ്യൂഹമാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പാഞ്ഞുകയറിയത്.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചുപോകുന്നതിനിടെ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയെന്നതായിരുന്നു കേസ്.
ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആറ് കര്‍ഷകരേയും അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ആശിഷ് മിശ്രക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സുപ്രീം കോടതി ഇടപെടലിന് ശേഷം ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷിനെ യു.പി പൊലീസ് അറസ്റ്റു ചെയ്തത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതി ഇത് റദ്ദ് ചെയ്യുകയായിരുന്നു.
കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളുടെ ഹരജിയിലായിരുന്നു നടപടി. ജൂലൈ 26ന് വീണ്ടും വാദം കേട്ട ഹൈക്കോടതി ജാമ്യ ഹരജി വീണ്ടും തള്ളുകയായിരുന്നു.
അതേസമയം, ലഖിംപൂര്‍ ഖേരി അക്രമത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി വൈകുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് ആരോപിച്ചിരുന്നു. യു.പിയിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തിലായിരുന്നു ടികായത്തിന്റെ പ്രതികരണം.
നീതി ലഭിക്കാന്‍ കാലതാമസം നേരിടുകയാണ്. സര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നുണ്ട്. ഭരണകൂടം നിയമവ്യവസ്ഥയിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ല, അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ടികായത് ആരോപിച്ചു. വലിയ പ്രതിഷേധ സ്വരങ്ങളുണ്ടായതോടെയാണ് കേസില്‍ തുടക്കത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.