ചെന്നൈ: വാക്‌സിനേഷനെതിരെ സംസാരിച്ച തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ രണ്ട് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. മന്‍സൂര്‍ അലി ഖാന് അനുവദിച്ച ജാമ്യവ്യവസ്ഥയിലാണ് കോടതി പിഴയടക്കണമെന്ന് ആവശ്യപ്പെട്ടത്. കൊവിഷീല്‍ഡ് വാങ്ങുന്നതിനായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിയ്ക്ക് ഈ തുക നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൃദയാഘാതം മൂലം നടന്‍ വിവേക് മരണപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു, അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ആശുപത്രിയ്ക്ക് മുന്‍പിലെത്തി വാക്‌സിനെതിരെ മന്‍സൂര്‍ അലി ഖാന്‍ സംസാരിച്ചത്.
കൊവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചത് കൊണ്ടാണ് വിവേക് മരിച്ചതെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഏപ്രില്‍ 15ന് വിവേക് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഏപ്രില്‍ 16നാണ് നടന്‍ മരിക്കുന്നത്.
ഇതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരണം ആരംഭിച്ചിരുന്നു. മന്‍സൂര്‍ അലി ഖാന്‍ വാക്‌സിനെതിരെ സംസാരിക്കുന്ന വീഡിയോ വൈറലായതോടെ ഈ പ്രചാരണം കൂടുതല്‍ ശക്തമായി.
എന്നാല്‍ വിവേകിന് ഹൃദയാഘാതം സംഭവിച്ചതിന് കാരണം വാക്‌സിനല്ലെന്ന് ഡോക്ടര്‍മാരും തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിയുമെല്ലാം അറിയിച്ചിരുന്നു.
മന്‍സൂര്‍ അലി ഖാനെതിരെ ചെന്നൈ കോര്‍പ്പറേഷന് കീഴിലുള്ള ഹെല്‍ത്ത് ഓഫീസര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രകോപനപരമായി സംസാരിക്കല്‍, ബോധപൂര്‍വ്വം രോഗം പടര്‍ത്തല്‍, ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു നടനെതിരെ കേസെടുത്തത്.
നടനെ അറസ്റ്റ് ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി മന്‍സൂര്‍ അലി ഖാന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ നല്‍കണമെന്ന വ്യവസ്ഥയില്‍ കോടതി നടന് ജാമ്യം അനുവദിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക