നിലമ്പൂര്‍ കൊലപാതകം: പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി
Kerala
നിലമ്പൂര്‍ കൊലപാതകം: പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2014, 12:28 am

[share]

[]നിലമ്പൂര്‍: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി. നിലമ്പൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി.ആര്‍ ദിനേശ് ആണ് റിമാന്റ് നീട്ടിയത്.

നേരത്തെയുള്ള റിമാന്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കൊലക്കേസില്‍ മുഖ്യപ്രതി ബിജുവിനെ സഹായിച്ച കൂട്ടുപ്രതി കുന്നശ്ശേരി ഷംസുദ്ദീന് ജാമ്യം ലഭിക്കുന്നതിന് അഡ്വ. ഷാനവാസ് കോടതിയില്‍ വക്കാലത്ത് നല്‍കിയിരുന്നെങ്കിലും ജാമ്യം അനുവദിച്ചില്ല. കേസന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ജാമ്യം നിഷേധിച്ചത്.

എന്നാല്‍ മുഖ്യപ്രതി ബി.കെ ബിജുവിനു വേണ്ടി ആരും ജാമ്യാപേക്ഷ നല്‍കിയില്ല. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

രണ്ടാഴ്ച മുമ്പാണ് കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയായ രാധയുടെ മൃതദേഹം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഒരു കുളത്തില്‍ നിന്ന് കണ്ടെടുത്തത്. ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ രീതിയിലായിരുന്നു മൃതദേഹം.

സംഭവത്തെ തുര്‍ന്ന് അറസ്റ്റിലായ ബിജു നായര്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സനല്‍ സ്റ്റാഫംഗമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ധീനും സംഭവത്തില്‍ അറസ്റ്റിലായിരുന്നു.

അറസ്റ്റിലായ ബിജു നായര്‍ അറസ്റ്റിന്റെ തൊട്ടു മുമ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ കണ്ടിരുന്നതായി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

നിലമ്പൂരില്‍ സ്റ്റുഡിയോ നടത്തുന്ന ഫോട്ടോഗ്രാഫര്‍ മുകുന്ദന്റേതാണ് ഈ വെളിപ്പെടുത്തല്‍. ആര്യാടന്‍ ഷൗക്കത്തുമായി ബിജു നായര്‍ ക്ഷേത്രത്തിനകത്ത് വച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോകളും ക്യാമറയിലെ മെമ്മറി കാര്‍ഡും കോണ്‍ഗ്രസ് നേതാക്കള്‍ പിടിച്ചെടുത്തതായും മുകുന്ദന്‍ പറഞ്ഞിരുന്നു.