സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റിവെച്ചു
national news
സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th October 2022, 12:34 pm

ന്യൂദൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് കോടതി വീണ്ടും മാറ്റി. ഇ.ഡി. കേസിലെ ജാമ്യാപേക്ഷ ലഖ്നൗ കോടതി ഇന്ന് പരി​ഗണിക്കാൻ തീരുമാനിച്ചിരുന്നു. ഇതാണ് നിലവിൽ മാറ്റിവെച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ബുധനാഴ്ച പരി​ഗണിക്കുമെന്നാണ് റിപ്പോർട്ട്.

മുതിർന്ന നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ മരണത്തിൽ അനുശോചനം യോ​ഗം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഹരജി ബുധനാഴ്ച പരി​ഗണിക്കുമെന്നാണ് റിപ്പോർട്ട്.

മുമ്പ് ജഡ്ജി അവധിയായതിനെ തുടർന്ന് ഹരജി പരി​ഗണിക്കുന്നത് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇ.ഡി കേസിലെ ജാമ്യ ഹരജി പരി​ഗണിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്.

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഏറെ കാലം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കാപ്പന് അടുത്തിടെയാണ് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ചത്. യു.എ.പി.എ കേസിൽ ജാമ്യം ലഭിക്കണമെങ്കിൽ രണ്ട് യു.പി സ്വദേശികളുടെ ആൾജാമ്യം വേണമെന്ന് കോടതി വ്യവസ്ഥ വെച്ചിരുന്നു. വിധി വന്നതിന് പിന്നാലെ സാമൂഹിക പ്രവർത്തകയും ലഖ്‌നൗ സർവകലാശാല മുൻ വൈസ് ചാൻസലറുമായ രൂപ്‌രേഖ വർമ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിരുന്നു.

റിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലിനെ തുടർന്ന് റിയാസുദ്ധീൻ എന്ന വ്യക്തിയും കാപ്പന്റെ ജാമ്യത്തിന് വേണ്ടി എത്തിയിരുന്നു.

ഇരുട്ടുമൂടിയ ഈ കാലത്ത് ഒരാൾക്ക് വേണ്ടി ചെയ്യാൻ പറ്റിയ ഏറ്റവും ചെറിയ കാര്യമാണിതെന്നാണ് രൂപ്രേഖ വർമ കാപ്പന്റെ അഭിഭാഷകൻ കെ.എസ്. മുഹമ്മദ് ദാനിഷിനോട് പറഞ്ഞത്.

2020 ഒക്ടോബർ അഞ്ചിനാണ് യു.പിയിലെ ഹാത്രാസിൽ നിന്നും പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നീട്, കലാപമുണ്ടാക്കാൻ വേണ്ടിയാണ് കാപ്പൻ സ്ഥലത്തെത്തിയതെന്ന് ആരോപിച്ച യു.പി പൊലീസ് സിദ്ദിഖ് കാപ്പനെതിരെ യു.എ.പി.എയടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു.

അന്ന് മുതൽ തന്നെ കാപ്പന്റെ ജാമ്യത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും യു.പിയിലെ കോടതികൾ ജാമ്യം നിഷേധിക്കുകയായിരുന്നു. മഥുര കോടതിയിലും അലഹബാദ് കോടതിയിലെ ലഖ്‌നൗ ബെഞ്ചുമായിരുന്നു ജാമ്യം നിഷേധിച്ചിരുന്നത്. തുടർന്നാണ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlight: court extended considering bail plea of siddique kappan again, may consider by wednesday