| Friday, 9th November 2018, 11:18 am

വോട്ടിനായി വര്‍ഗീയ പ്രചരണം: കെ.എം ഷാജി എം.എല്‍.എയെ ഹൈക്കോടതി അയോഗ്യനാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജിയുടെ എതിരാളിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.

ആറുവര്‍ഷത്തേക്കാണ് അയോഗ്യത. നികേഷ് കുമാറിന് കോടതി ചിലവ് ഇനത്തില്‍ 50,000 രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പ്രസ്താവിച്ചത്.

അതേസമയം, അഴീക്കോട് മണ്ഡലത്തില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. 2000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഴീക്കോട് കെ.എം ഷാജി ജയിച്ചത്.

ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാന്‍ കെ.എം ഷാജി ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയമായ പ്രചരണം നടത്തിയെന്നായിരുന്നു നികേഷ് കുമാറിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനു പിന്നാലെ നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

We use cookies to give you the best possible experience. Learn more