ന്യൂദല്‍ഹി: ഒരോറ്റ ചോദ്യത്തിലൂടെ ശബരിമലയുമായി ബന്ധപ്പെട്ട് ആര്‍.വി ബാബു നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. പമ്പയിലേക്ക് വാഹന ഗതാഗതം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്
ആര്‍.വി ബാബു സുപ്രീം കോടതിയെ സമീപിച്ചത്.
അഡ്വ. അജയ് റൈസാദയാണ് ബാബുവിനുവേണ്ടി കോടതിയില്‍ ഹാജരായത്. ഹരജി കോടതിയുടെ പരിഗണനയ്‌ക്കെടുത്തതിനു പിന്നാലെ വാദിക്കാനായി “ശബരിമലയിലേക്ക്..” എന്ന് റൈസാദ പറഞ്ഞപ്പോള്‍ തന്നെ ചീഫ് ജസ്റ്റിസ് വിഷയത്തില്‍ ഇടപെട്ടു.
“മലമുകളിലേക്ക് വാഹനം പോകണം എന്നാണോ?” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. “വാട്ട് എ നോണ്‍ സെന്‍സ്” എന്ന് പറഞ്ഞ് ഹരജി തള്ളിയതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത കേസ് വിളിക്കുകയുമായിരുന്നു.
അതിനിടെ, ശബരിമല കേസുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളി. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം. ഇതിനായി നല്‍കിയ ട്രാന്‍സ്ഫര്‍ ഹരജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു.
ഒമ്പത് ഹരജികളാണ് ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.