| Friday, 2nd February 2024, 7:51 pm

കങ്കണക്കെതിരായ മാനനഷ്ട കേസ്; സ്റ്റേ ചെയ്യണമെന്ന ഹരജി തള്ളി ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തർ കങ്കണ റണാവത്തിനെതിരെ നൽകിയ മാനനഷ്ട കേസിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന കങ്കണയുടെ ഹരജി തള്ളി ബോംബെ ഹൈക്കോടതി.

കങ്കണ ജാവേദ് അക്തറിക്കെതിരെ നൽകിയ ക്രോസ് കേസിനൊപ്പം തന്നെ ഈ കേസും പരിഗണിക്കണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കങ്കണ ഒരിക്കലും ഇത് ക്രോസ് കേസുകൾ ആണെന്ന് വാദിച്ചിട്ടില്ലാത്തതിനാൽ നടപടികൾ സ്റ്റേ ചെയ്യാനോ ഒരുമിച്ച് പരിഗണിക്കാനോ സാധിക്കില്ലെന്ന് ജസ്റ്റിസ് പ്രകാശ് നായിക്ക് പറഞ്ഞു.

ജാവേദ് അക്തറാണ് ആദ്യം പരാതി നൽകിയത് എന്നും കോടതി ചൂണ്ടിക്കാട്ടി.

ജാവേദ് അക്തർ നൽകിയ കേസിൽ അന്ധേരിയിൽ മാജിസ്ട്രേറ്റിന് മുമ്പാകെ വാദം നടന്നുകൊണ്ടിരിക്കെ കങ്കണ നൽകിയ പരാതി സെഷൻസ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

2016ൽ നടന്ന ഒരു യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു പരാതികളും ഉടലെടുത്തത് എന്നതിനാൽ കേസുകൾ ഒരുമിച്ച് പരിഗണിക്കണമെന്നാണ് കങ്കണയുടെ ആവശ്യം.

നടൻ ഹൃതിക് റോഷനുമായുള്ള തർക്കം നടക്കുന്ന സമയത്ത് ജാവേദ് അക്തർ തന്നെ വീട്ടിലേക്ക് വിളിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞതിനെ തുടർന്ന് 2020ലാണ് ജാവേദ് കങ്കണക്കെതിരെ പരാതി നൽകുന്നത്.

തുടർന്ന് തന്നെയും സഹോദരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് കങ്കണ ജാവേദിനെതിരെ മറ്റൊരു പരാതി നൽകുകയായിരുന്നു.

CONTENT HIGHLIGHT: Court dismisses plea by Kangana Ranaut seeking stay on criminal defamation case filed against her by Javed Akhtar

We use cookies to give you the best possible experience. Learn more