ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് കേസില്‍ അറസ്റ്റിലായ പ്രതിരോധ ഏജന്റ് സുഷെന്‍ മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി. ഗുപ്തയുടെ ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചതെങ്കിലും പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ അതു തള്ളുകയായിരുന്നു.
അതേസമയം കസ്റ്റഡി നീട്ടിക്കൊണ്ടുള്ള ഉത്തരവ് കോടതി ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം (പി.എം.എല്‍.എ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. നേരത്തേ കേസില്‍ മാപ്പുസാക്ഷിയായി മാറിയ രാജീവ് സക്‌സേന നടത്തിയ വെളിപ്പെടുത്തലുകളില്‍ നിന്നാണ് ഇടപാടില്‍ ഗുപ്തയുടെ പങ്കിനെക്കുറിച്ച് മനസ്സിലായതെന്ന് അന്വേഷണ ഏജന്‍സി നേരത്തേ വ്യക്തമാക്കിയിരുന്നു. നേരത്തേ യു.എ.ഇയില്‍ ആയിരുന്ന സക്‌സേനയെ അധികൃതര്‍ ഇന്ത്യക്കു കൈമാറുകയായിരുന്നു.
നേരത്തേ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ, ലളിത് മോദി, സന്ദേസര സഹോദരന്മാര്‍ തുടങ്ങിയ 36 പേരെപ്പോലെ ഗുപ്തയും ജാമ്യം ലഭിച്ചാല്‍ രാജ്യം വിടുമെന്ന് കോടതിയെ എന്‍ഫോഴ്‌സ്‌മെന്റ് ധരിപ്പിച്ചതിനെത്തുടര്‍ന്നാണു ജാമ്യാപേക്ഷ തള്ളുന്നത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണെന്നും കുറ്റപത്രം സമര്‍പ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണു ഗുപ്ത ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കേസിലെ സാക്ഷികളെ ഗുപ്ത സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വാദിച്ചു.
3,600 കോടി രൂപയുടെ ഇടപാടിലെ ചില രേഖകള്‍ ഗുപ്തയുടെ കൈവശമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.