ഇന്‍ഡോര്‍: ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി. കേസില്‍ അറസ്റ്റിലായ നളിന്‍ യാദവിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി.
അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍ കോടതി ജഡ്ജായ യതീന്ദ്ര കുമാര്‍ ഗുരുവാണ് മുനാവറിന്റെയും നളിന്റെയും ജാമ്യാപേക്ഷ തള്ളിയത്. എന്നാല്‍ ഹിന്ദുദൈവങ്ങളെ അപമാനിക്കുന്ന രീതിയില്‍ മുനാവര്‍ സംസാരിച്ചിട്ടില്ലെന്നും ഇവര്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും മുനാവറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അന്‍ഷുമന്‍ ശ്രീവാസ്തവ പറഞ്ഞു.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് മുംബൈയിലെ സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയെ ജനുവരി രണ്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ നടത്തിയ ഒരു പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഫാറൂഖിയുള്‍പ്പടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍ഡോര്‍ സ്വദേശികളായ പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ ഐ.പി.സി 188, 269, 34, 295 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ‘കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടി നടത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ അവതരണം,’ ഇന്‍ഡോര്‍ പൊലീസ് ഇന്‍ചാര്‍ജ് കമലേഷ് ശര്‍മ്മ പറഞ്ഞു.
ഹിന്ദ് രക്ഷക് സംഘതന്‍ കണ്‍വീനര്‍ ഏകലവ്യ ഗൗര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഫറൂഖി ഇതിനു മുമ്പും ഇത്തരം പരാമര്‍ശങ്ങള്‍ പരിപാടിക്കിടെ നടത്തിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഈ പരിപാടിയെപ്പറ്റി ഞങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നു. സത്യം നേരിട്ടറിയാനാണ് ഞങ്ങളെത്തിയത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കുക മാത്രമല്ല, കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെയും ഗുരുതരാരോപണമാണ് ഫറൂഖി നടത്തിയത്. ഗോധ്ര സംഭവത്തില്‍ അമിത് ഷായ്ക്കും പങ്കുണ്ടെന്ന രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്, ഗൗര്‍ പറഞ്ഞു.
ഇതേത്തുടര്‍ന്ന് പരിപാടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ പ്രതിഷേധം നടത്തിയെന്നും ഫറൂഖിയുള്‍പ്പടെയുള്ള സംഘാടകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും ഗൗര്‍ പറഞ്ഞു.
മുനാവറിന്റെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് സാമൂഹ്യസാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക