ന്യൂദല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2018ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ടുള്ള കേസിലാണ് കോടതിയുടെ ഉത്തരവ്.
ശനിയാഴ്ച ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുമ്പാകെയാണ് ദല്‍ഹി പൊലീസ് സുബൈറിനെ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് സുബൈറിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് കൈക്കലാക്കിയിരുന്നു. ഇതിന് പിന്നാലെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം കോടതി വിധി പ്രസ്താവിക്കുന്നതിനു മുമ്പേ തന്നെ വിവരം ചോര്‍ന്നിരുന്നുവെന്ന് സുബൈറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തനിക്കെതിരെ ചുമത്തിയ കേസിന് പിന്നില്‍ മറ്റ് പല ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സുബൈറും കോടതിയെ ബോധിപ്പിച്ചു. 2018ല്‍ പങ്കുവെച്ച ട്വീറ്റിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ നിലവില്‍ ഉപയോഗിക്കുന്ന ഫോണാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതിന്റെയൊക്കെ പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സുബൈര്‍ തെളിവുകള്‍ നശിപ്പിക്കുകയും വിദേശ ഫണ്ട് കൈപ്പറ്റുകയും ചെയ്തതായി പൊലീസ് കോടതിയെ അറിയിച്ചു. അന്വേഷണത്തിനെത്തുമെന്ന് വിവരം ലഭിച്ചതോടെയാണ് സുബൈര്‍ ഫോണിലെ സിം എടുത്ത് പുതിയ ഫോണിലേക്ക് മാറ്റിയതെന്ന് ദല്‍ഹി പൊലീസ് കോടതിയെ ബോധിപ്പിച്ചു. വിദേശ രാജ്യത്ത് താമസിക്കുന്ന വ്യക്തിയില്‍ നിന്ന് ആരെങ്കിലും സംഭാവന സ്വീകരിക്കുകയാണെങ്കില്‍ അത് വിദേശ ഫണ്ട് നിയമങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ട്വീറ്റ് ചെയ്തതിന് ദല്‍ഹി പൊലീസാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2020ലെ കേസിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലാണ് നടപടി.
Content highlight: Court denied bail of mohammed zubair, will be sent to judicial custody for 14 days