മേലാല്‍ ആവര്‍ത്തിക്കരുത്; കെ.ടി. ജലീലിനെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ ക്ഷമാപണം നടത്തണമെന്ന് കോടതി
Kerala News
മേലാല്‍ ആവര്‍ത്തിക്കരുത്; കെ.ടി. ജലീലിനെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ ക്ഷമാപണം നടത്തണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th September 2022, 8:04 pm

തിരുവനന്തപുരം: കെ.ടി. ജലീലിനെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തില്‍ എല്ലാ പത്രങ്ങളും ചാനലുകളും വാര്‍ത്ത പിന്‍വലിച്ച് ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്ന് ഉത്തരവിട്ട് കോടതി. പതിനാറാം തീയതിക്ക് മുന്‍പായി കോടതിയില്‍ ക്ഷമാപണം സമര്‍പ്പിക്കണമെന്നും ഉത്തരവുണ്ട്.

കേസുമായി ബന്ധപ്പെട്ട് മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കര്‍ എസ്, ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ വൈശാഖ് കെ, മനോരമ ന്യൂസ് സീനിയര്‍ കറസ്‌പോണ്ടന്റ് അനൂപ് പി.ബി, അമൃത ടി.വി സീനിയര്‍ റിപ്പോര്‍ട്ടര്‍ ആദര്‍ശ് ടി.എസ്, 24ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ബല്‍റാം നെടുങ്ങാടി, ദി മലയാളം ചാനല്‍ ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റ് വിഷ്ണു. ജെ.എസ്. തുടങ്ങിയവര്‍ കോടതിയില്‍ ഹാജരായിരുന്നു. കോടതി പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കോടതി വിധികളെ വളച്ചൊടിക്കുന്നതും കോടതീയലക്ഷ്യം വരെ ലഭിച്ചേക്കാവുന്ന കേസാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എല്ലാ റിപ്പോര്‍ട്ടുമാരുടേയും പേരും വിലാസവും കോടതിയില്‍ എഴുതിവാങ്ങിച്ചിരുന്നു. മേലാല്‍ ഇതാവര്‍ത്തിക്കരുതെന്ന താക്കീതും കോടതി നല്‍കിയിട്ടുണ്ട്.

ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടുവെന്ന് കാണിക്കുന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ പരാതിക്കാരന്റെ വാദം കേട്ട ശേഷം ഉത്തരവ് പുറപ്പെടുവിക്കാനായി കേസ് സെപ്റ്റംബര്‍ 14ലേക്ക് മാറ്റുക മാത്രമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് ഇതുസംബന്ധിച്ച കോടതി രേഖകള്‍ പറയുന്നത്.

ഏതൊക്കെ വകുപ്പുപ്രകാരം കേസ് എടുക്കണമെന്നുള്ളത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ കേസ് എടുക്കണമെന്നോ ഹരജിക്കാരന്റെ മറ്റേതെങ്കിലും വാദം അംഗീകരിക്കുന്നതായോ കോടതി പറഞ്ഞിട്ടില്ല. കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ ദല്‍ഹി റോസ് അവന്യൂ അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു എന്നായിരുന്നു മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നതായിരുന്നു പരാതിക്കാരന്റെ ഹരജിയിലെ ആവശ്യം. സുപ്രീം കോടതി അഭിഭാഷകന്‍ ജി.എസ്. മണിയാണ് ജലീലിനെതിരെ പരാതി നല്‍കിയിരുന്നത്.

ആവശ്യം ഉന്നയിച്ച് ദല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജി.എസ്. മണി കോടതിയെ സമീപിച്ചത്.

പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ജമ്മു-കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ചായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെന്നും കെ.ടി. ജലീല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

Content Highlight: Court criticizes media for reporting false news against kt jaleel