| Saturday, 4th February 2023, 10:29 pm

വിയോജിപ്പും കലാപവും തമ്മിലെ വ്യത്യാസം അറിയില്ലെങ്കില്‍ പഠിക്കണം; ജാമിയ മിലിയ വിദ്യാര്‍ത്ഥികളെ വിട്ടയച്ചതിന് പിന്നാലെ അന്വേഷണ ഏജന്‍സികളെ വിമര്‍ശിച്ച് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാമിയ മിലിയ സംഘര്‍ഷത്തില്‍ പ്രധാന പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ലെന്ന് ദല്‍ഹി കോടതി. ഷര്‍ജീല്‍ ഇമാം, സഫൂറ സര്‍ഗാര്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ തുടങ്ങിയവരെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവിന് പിന്നാലെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ഷര്‍ജീല്‍, തന്‍ഹ, സഫൂറ സര്‍ഗാര്‍ എന്നിവര്‍ക്കു പുറമേ മറ്റ് എട്ടുപേരേയും കോടതി വെറുതെവിട്ടിരുന്നു. ഇവരെയെല്ലാം പൊലീസ് ബലിയാടുകളാക്കുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ചിലരെ മാത്രം പ്രതിചേര്‍ക്കുകയും മറ്റുള്ളവരെ കാഴ്ചക്കാരാക്കുകയും ചെയ്ത പൊലീസ് നടപടി സ്വേച്ഛാധിഷ്ഠിതമാണെന്നും കോടതി പറഞ്ഞു. ഇത് നീതിക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.

പ്രതിഷേധ സ്ഥലത്ത് നിന്നിരുന്നു എന്നത് ഒരാളെ കുറ്റാരോപിതനാക്കാനുള്ള കാരണമല്ലെന്ന് പറഞ്ഞ കോടതി, പ്രോസിക്യൂഷനേയും കുറ്റപ്പെടുത്തി. പ്രോസിക്യൂഷന്‍ നടപടി അശ്രദ്ധവും അലസവുമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. ഇത്തരം കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ ദീര്‍ഘനാളത്തെ വിചാരണക്ക് വിധേയരാക്കുന്നത് രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച് നല്ലതാകില്ലെന്നും കോടതി പറഞ്ഞു.

‘വിയോജിപ്പും കലാപവും തമ്മിലുള്ള വ്യത്യാസം അന്വേഷണ ഏജന്‍സികള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. കലാപം ശമിപ്പിക്കേണ്ടതുണ്ട്. വിയോജിപ്പ് വ്യത്യസ്തമാണ്. അത് ഒരു പൗരന്റെ മനസ്സാക്ഷിയെ തന്നെ മുറിവേല്‍പ്പിക്കുന്ന എന്തിനോടെങ്കിലുമുള്ള അവന്റെ പ്രതികരണമാകാം’ കോടതി വ്യക്തമാക്കി.

ഷര്‍ജീല്‍ ഇമാം, സഫൂറ സര്‍ഗാര്‍, ആസിഫ് തന്‍ഹ, മുഹമ്മദ് അബുസാര്‍, ഉമൈര്‍ അഹമ്മദ്, മുഹമ്മദ് ഷുഐബ്, മഹ്‌മൂദ് അന്‍വര്‍, മുഹമ്മദ് കാസിം, മുഹമ്മദ് ബിലാല്‍ നദീം, ഷഹ്‌സര്‍ റാസ ഖാന്‍, ചന്ദ യാദവ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

അഡീഷനല്‍ സെഷന്‍സ് ജഡ്ജ് അരുള്‍ വര്‍മയാണ് ഇവരെ വെറുതെവിട്ടുകൊണ്ടുള്ള ഉത്തരവ് പാസാക്കിയത്.

2019 ഡിസംബർ 13ന് ജാമിയയിലുണ്ടായ സംഘർഷത്തിലാണ് ഇവരെ പൊലീസ് പ്രതിചേർത്തത്. അന്ന് ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങൾക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചിരുന്നു.

ഈ കേസിൽ വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാമിന് 2021ൽ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദൽഹി കലാപത്തിന്റെ വിശാല ഗൂഢാലോചന കേസിലും പ്രതിയാണ് വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാം.

Content Highlight: Court criticizes investigating agencies after release of Jamia Millia students

We use cookies to give you the best possible experience. Learn more